ഏതൊരു ടൂര്‍ണ്ണമെന്റായാലും ഏതൊരു കായിക ഇനമായാലും ഇന്ത്യ-പാക് പോരാട്ടം നല്‍കുന്ന ആവേശം ഒന്ന് വേറെ തന്നെയാണ്. ഇതാ മറ്റൊരു ഇന്ത്യ-പാക് പോരാട്ടം കൂടി വന്നിരിക്കുകയാണ് ഇത്തവണ യൂത്ത് ക്രിക്കറ്റ് ലോകകപ്പ് സെമിയില്‍. ഫൈനലിലേക്ക് കടന്ന ഓസ്ട്രേലിയയെ നേരിടുവാനുള്ള അവകാശത്തിനായി ഇരുവരും ഏറ്റുമുട്ടാനൊരുങ്ങുകയാണ് നാളെ ന്യൂസിലാണ്ടിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍. ടൂര്‍ണ്ണമെന്റില്‍ ഇരു ടീമുകളും മികച്ച ഫോമിലാണ്. പാക്കിസ്ഥാന്‍ ആദ്യ കളി അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടുവെങ്കിലും പിന്നീട് മികച്ച ജയങ്ങളുമായി സെമി വരെ എത്തിയിട്ടുണ്ട്. ടൂര്‍ണ്ണമെന്റില്‍ ഒരു തോല്‍വി പോലും അറിയാത്ത ഏക ടീമായാണ് ഇന്ത്യ സെമിയിലേക്ക് കടന്നത്.
നാല് മത്സരങ്ങളും വലിയ മാര്‍ജിനിലാണ് ഇന്ത്യ ജയിച്ചിട്ടുള്ളത്. 100 റണ്‍സിനടുത്ത് മാര്‍ജിനിലാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത മത്സരങ്ങള്‍ ജയിച്ചിട്ടുള്ളത്. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ ഒരു വിക്കറ്റ് പോലും ടീമിനു നഷ്ടമായിട്ടില്ല. ശുഭ്മന്‍ ഗില്‍ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. മൂന്ന് തവണ ബാറ്റ് ചെയ്യാനിറങ്ങിയ താരം മൂന്ന് തവണയും അര്‍ദ്ധ ശതകം നേടിയിരുന്നു. ഒരു പ്രാവശ്യം മാത്രം പുറത്തായ താരത്തിന്റെ ടൂര്‍ണ്ണമെന്റിലെ ഉയര്‍ന്ന സ്കോര്‍ പുറത്താകാതെ 90 റണ്‍സാണ്. നായകന്‍ പൃഥ്വി ഷായും മികച്ച ഫോമിലാണ് കളിക്കുന്നത്.
ബൗളിംഗില്‍ അങ്കുല്‍ റോയ് ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും അധികം വിക്കറ്റ് നേടിയ താരമാണ്. 11 വിക്കറ്റുകളാണ് നാല് മത്സരങ്ങളില്‍ നിന്ന് റോയ് ഇതുവരെ നേടിയിട്ടുള്ളത്. ഇന്ത്യയില്‍ നിന്നുള്ള പേസ് ബൗളര്‍ കമലേഷ് നാഗര്‍കോടി തന്റെ പേസ് കൊണ്ട് ഇപ്പോള്‍ തന്നെ പലരുടെയും ശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞിരിക്കുകയാണ്.
ബാറ്റിംഗാണ് പാക്കിസ്ഥാന്റെ പ്രധാന പ്രശ്നം. ബൗളിംഗ് മികവ് പുലര്‍ത്തുമ്പോളും ബാറ്റ്സ്മാന്മാര്‍ റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ കണ്ടത്. അലി സര്‍യബ് ആസിഫ്, റൊഹൈല്‍ നസീര്‍ എന്നിവരാണ് കൂട്ടത്തില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടുള്ളത്. ഷഹീന്‍ അഫ്രീദിയാണ് പാക് നിര പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന താരം. അയര്‍ലണ്ടിനെതിരെ 15 റണ്‍സിനു 6 വിക്കറ്റാണ് താരം നേടിയത്.
2000, 2008, 2012 വര്‍ഷങ്ങളില്‍ കപ്പ് നേടിയിട്ടുള്ള ഇന്ത്യയ്ക്ക് 2004ല്‍ പാക്കിസ്ഥാനോടും 2016ല്‍ വെസ്റ്റിന്‍ഡീസിനോടും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. പാക്കിസ്ഥാന്‍ 2004, 2006 വര്‍ഷങ്ങളിലാണ് കിരീടം ചൂടിയിട്ടുള്ളത്. മൂന്ന് തവണ ഇതിനു പുറമേ ടീം ഫൈനലില്‍ കളിച്ചിട്ടും ഉണ്ട്. 21 തവണയാണ് U-19 വിഭാഗത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. 12 തവണ ഇന്ത്യ ജയിച്ചപ്പോള്‍ 8 തവണ ജയം പാക്കിസ്ഥാനോടൊപ്പം നിന്നു. അവസാനം ഇരു ടീമുകളും ഏറ്റുമുട്ടിയത് 2014 ലോകകപ്പിലായിരുന്നു. അന്ന് 68 റണ്‍സ് നേടി സഞ്ജു സാംസണ്‍ ഇന്ത്യയുടെ വിജയം ഉറപ്പാക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial