ഇന്ന് എഡിൻബർഗിൽ നടന്ന ആദ്യ ടി20യിൽ സ്‌കോട്ട്‌ലൻഡിനെതിരെ ഓസ്‌ട്രേലിയ 7 വിക്കറ്റിൻ്റെ അനായാസ ജയം സ്വന്തമാക്കി. 155 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ, ട്രാവിസ് ഹെഡിൻ്റെ തകർപ്പൻ ബാറ്റിംഗിൽ വെറും 9.4 ഓവറിൽ 156/3 എന്ന നിലയിൽ ലക്ഷ്യം കണ്ടു.
ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലൻഡ് നിശ്ചിത 20 ഓവറിൽ 154/9 എന്ന സ്‌കോറാണ് നേടിയത്. 16 പന്തിൽ 28 റൺസുമായി ജോർജ്ജ് മുൻസി സ്‌കോട്ട്‌ലൻഡിന് ഉജ്ജ്വല തുടക്കം നൽകി, എന്നാൽ ബാറ്റിംഗ് നിരയിലെ ബാക്കിയുള്ളവർ കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കാൻ പാടുപെട്ടു. റിച്ചി ബെറിംഗ്ടൺ (20 പന്തിൽ 23), മാത്യു ക്രോസ് (21 പന്തിൽ 27) എന്നിവർ ചെറുത്തുനിൽപ്പ് നൽകിയെങ്കിലും ഓസ്ട്രേലിയയുടെ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തി. ബൗളർമാരിൽ ഷോൺ ആബട്ടും ആദം സാമ്പയും തിളങ്ങി, അബോട്ട് 3/27, സാമ്പ 2/23 എന്നിങ്ങനെ നല്ല ബൗളിംഗ് കാഴ്ചവെച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയെ ട്രാവിസ് ഹെഡ് ആണ് നയിച്ചത്. വെറും 25 പന്തിൽ 12 ഫോറും 5 സിക്‌സറും ഉൾപ്പെടെ 80 റൺസ് അദ്ദേഹം നേടി. അവിശ്വസനീയമായ 320 എന്ന സ്‌ട്രൈക്ക് റേറ്റ് അദ്ദേഹം കീപ്പ് ചെയ്തു. മിച്ചൽ മാർഷും 12 പന്തിൽ 39 റൺസ് നേടി. ഹെഡിനെയും മാർഷിനെയും തുടർച്ചയായി നഷ്ടമായെങ്കിലും, ജോഷ് ഇംഗ്‌ലിസും മാർക്കസ് സ്റ്റോയിനിസും ടീമിനെ അനായാസം ജയത്തിലേക്ക് എത്തിച്ചു.
ട്രാവിസ് ഹെഡ് പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. സന്ദർശകർ ഇപ്പോൾ പരമ്പരയിൽ 1-0 ന് മുന്നിലാണ്.