42 റണ്‍സിന്റെ വലിയ വിജയവുമായി ആര്‍വി ചലഞ്ചേഴ്സ്

മക്ഫാഡിയന്‍ വാരിയേഴ്സിനെതിരെ 42 റണ്‍സിന്റെ വലിയ വിജയം നേടി ആര്‍വി ചലഞ്ചേഴ്സ്. ഇന്ന് നടന്ന ടിപില്‍ ആദ്യ റൗണ്ട് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചലഞ്ചേഴ്സ് 2 വിക്കറ്റുകളുടെ മാത്രം നഷ്ടത്തില്‍ 8 ഓവറില്‍ നിന്ന് 77 റണ്‍സാണ് നേടിയത്. 39 റണ്‍സ് നേടി പുറത്താകാതെ നിന്ന റിനോജ് മാത്യുവിനൊപ്പം 12 പന്തില്‍ നിന്ന് 27 റണ്‍സ് നേടിയ ബിനോയിയും കൂടി ചേര്‍ന്നാണ് ആര്‍വി ചലഞ്ചേഴ്സിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

എട്ടോവറില്‍ വിക്കറ്റുകള്‍ അധികം നഷ്ടമായില്ലെങ്കിലും ഇന്നിംഗ്സിന് വേണ്ട വേഗത നല്‍കുവാന്‍ മക്ഫാഡിയന്‍ വാരിയേഴ്സിന് സാധിച്ചില്ല. 35 റണ്‍സ് മാത്രമാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ടീമിന് നേടാനായത്. വാരിയേഴ്സിന് വേണ്ടി ലിജു 15 റണ്‍സും അജിത്ത് 12 റണ്‍സും നേടി. ചലഞ്ചേഴ്സിന് വേണ്ടി ബിനോയ് 2 വിക്കറ്റ് വീഴ്ത്തി.