മത്സരത്തിൽ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഇപ്പോളും ബാക്കി – ശര്‍ദ്ധുൽ താക്കൂര്‍

Sports Correspondent

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ രണ്ട് ദിവസങ്ങളിൽ പിന്നിൽ പോയ ഇന്ത്യ മൂന്നാം ദിവസം ഭേദപ്പെട്ട പ്രകടനം ആണ് പുറത്തെടുത്തത്. അജിങ്ക്യ രഹാനെയും ശര്‍ദ്ധുൽ താക്കൂറും ചേര്‍ന്ന് ഇന്ത്യയെ 296 റൺസിലേക്ക് എത്തിച്ചപ്പോള്‍ ബൗളിംഗിൽ നാല് ഓസ്ട്രേലിയന്‍ വിക്കറ്റുകള്‍ വീഴ്ത്തുവാനും ഇന്ത്യയ്ക്ക് സാധിച്ചു.

മത്സരത്തിൽ ഇന്ത്യയ്ക്ക് ഇനിയും പ്രതീക്ഷകളുണ്ടെന്നും പ്രവചനങ്ങള്‍ നടത്തുവാനുള്ള സമയം ആയിട്ടില്ലെന്നുമാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശര്‍ദ്ധുൽ താക്കൂര്‍ വ്യക്തമാക്കിയത്. 450ന് മേലെയുള്ള ലക്ഷ്യമാണ് ഇന്ത്യയെ കാത്തിരിക്കുന്നതെങ്കിലും ഇംഗ്ലണ്ട് നാലാം ഇന്നിഗ്സിൽ അത്രയും വരുന്ന സ്കോര്‍ ചേസ് ചെയ്തത് തങ്ങള്‍ക്കും ആത്മവിശ്വാസം നൽകുമെന്നാണ് താക്കൂര്‍ പറഞ്ഞത്.

ആരാവും സമ്മര്‍ദ്ദം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നത് അവര്‍ക്കാവും വിജയം എന്നും ഒരു മികച്ച കൂട്ടുകെട്ട് വന്നാൽ 450 ഒക്കെ ചേസ് ചെയ്യാവുന്ന സ്കോറായി മാറുമെന്നും താക്കൂര്‍ കൂട്ടിചേര്‍ത്തു.