ടെസ്റ്റിൽ അവസരം ലഭിക്കാൻ കൂടുതൽ രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കണം : ചഹാൽ

Staff Reporter

ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ അവസരം ലഭിക്കാൻ കൂടുതൽ രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കണമെന്ന് ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചഹാൽ. ഇന്ത്യക്ക് വേണ്ടി മൂന്ന് വർഷം മുൻപ് ഏകദിനത്തിലും ടി20യിലും അരങ്ങേറ്റം നടത്തിയെങ്കിലും ചഹാലിന് ഇതുവരെ ടെസ്റ്റ് ടീമിൽ അവസരം ലഭിച്ചിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കുകയെന്നത് കടുത്ത വെല്ലിവിളിയാണെന്നും രവീന്ദ്ര ജഡേജയും അശ്വിനും കുൽദീപ് യാദവും ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ചഹാൽ പറഞ്ഞു.

തനിക്കും ടെസ്റ്റ് ക്രിക്കറ്റ് കളിയ്ക്കാൻ താല്പര്യം ഉണ്ടെന്നും അതിന് വേണ്ടി രഞ്ജി ട്രോഫിയിൽ താൻ കൂടുതൽ കളിക്കണമെന്നും ചഹാൽ പറഞ്ഞു. താൻ ആകെ 31 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് കളിച്ചതെന്നും കൂടുതൽ മത്സരങ്ങൾ കളിച്ച് മികച്ച പ്രകടനങ്ങൾ പുറത്തെടുത്താൽ മാത്രമേ തനിക്ക് ടെസ്റ്റ് ടീമിൽ ഇടം നേടാൻ കഴിയു എന്നും ചഹാൽ പറഞ്ഞു. മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിംഗിനെ പോലെയും രവിചന്ദ്ര അശ്വിനെ പോലെയും ദീർഘ കാലം ഇന്ത്യക്ക് വേണ്ടി കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ചഹാൽ പറഞ്ഞു.