കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം ടിം സീഫെര്‍ട് കോവിഡ് നെഗറ്റീവ് ആയി. താരം ന്യൂസിലാണ്ടിലേക്ക് യാത്ര തിരിച്ചുവെന്നാണ് അറിയുന്നത്. ഐപിഎല്‍ 2021ല്‍ ഒരു മത്സരത്തിലും താരം കളിച്ചിരുന്നില്ല. ഐപിഎല്‍ നിര്‍ത്തുവാന്‍ കാരണമായ കൊറോണ ബാധ ആദ്യമായി കണ്ടെത്തിയത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പിലായിരുന്നു.
2020ല്‍ ആണ് സീഫെര്‍ടിനെ കൊല്‍ക്കത്ത ആദ്യം സ്വന്തമാക്കിയത്. പിന്നീട് 2021 സീസണിലേക്കും ടീമില്‍ നിലനിര്‍ത്തി. ന്യൂസിലാണ്ടിലേക്കുള്ള യാത്രയ്ക്കായി താരം ഇന്ത്യ വിട്ടുവെന്നാണ് ന്യൂസിലാണ്ട് കോച്ച് ഗാരി സ്റ്റെഡ് അറിയിച്ചത്. താന്‍ ടിമുമായി സംസാരിച്ചുവെന്നും താരം നെഗറ്റീവായെന്ന വാര്‍ത്ത വളരെ സന്തോഷകരമാണെന്നും ഗാരി സ്റ്റെഡ് വ്യക്തമാക്കി.
താരം തിരിച്ച് ന്യൂസിലാണ്ടിലേക്ക് എപ്പോളെത്തുമെന്നോ ഏത് വഴിയാണോ വരുന്നതെന്ന് വലിയ വ്യക്തമല്ലെങ്കിലും താരം അസുഖത്തില്‍ നിന്ന് മോചിതനായതില്‍ സന്തോഷമുണ്ടെന്ന് ന്യൂസിലാണ്ട് മുഖ്യ കോച്ച് അഭിപ്രായപ്പെട്ടു.