അര്‍ദ്ധ ശതകങ്ങളുമായി തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, ഷാക്കിബ് അല്‍ ഹസന്‍, ബംഗ്ലാദേശിനു അനായാസ ജയം

Sports Correspondent

വിന്‍ഡീസ് നല്‍കിയ 262 റണ്‍സ് ലക്ഷ്യത്തെ 45ാം ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ബംഗ്ലാദേശ്. ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓപ്പണര്‍മാരായ തമീം ഇക്ബാലിനും സൗമ്യ സര്‍ക്കാരിനുമൊപ്പം ഷാക്കിബ് അല്‍ ഹസനും മികവ് പുലര്‍ത്തിയപ്പോള്‍ 5 ഓവര്‍ ബാക്കി നില്‍ക്കെയാണ് ബംഗ്ലാദേശ് 8 വിക്കറ്റ് വിജയം ആഘോഷിച്ചത്.

ഒന്നാം വിക്കറ്റില്‍ 144 റണ്‍സാണ് തമീം ഇക്ബാല്‍-സൗമ്യ സര്‍ക്കാര്‍ കൂട്ടുകെട്ട് നേടിയത്. 68 പന്തില്‍ നിന്ന് 73 റണ്‍സ് നേടിയ സൗമ്യ സര്‍ക്കാരിനെയാണ് ബംഗ്ലാദേശിനു ആദ്യം നഷ്ടമായത്. റോഷ്ടണ്‍ ചേസിനായിരുന്നു വിക്കറ്റ്. രണ്ടാം വിക്കറ്റില്‍ 52 റണ്‍സ് കൂടി നേടിയ ശേഷം തമീം ഇക്ബാല്‍-ഷാക്കിബ് അല്‍ ഹസന്‍ കൂട്ടുകെട്ടിനെയും വിന്‍ഡീസ് തകര്‍ത്തു. ഷാനണ്‍ ഗബ്രിയേല്‍ 80 റണ്‍സ് നേടിയ തമീം ഇക്ബാലിനെ പുറത്താക്കിയാണ് വിന്‍ഡീസിനു രണ്ടാമത്തെ നേട്ടം നല്‍കിയത്.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഷാക്കിബും മുഷ്ഫിക്കുറും ചേര്‍ന്ന് 68 റണ്‍സ് നേടി ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചു. 61 റണ്‍സുമായി ഷാക്കിബും 32 റണ്‍സ് നേടി മുഷ്ഫിക്കുറും പുറത്താകാതെ നില്‍ക്കുകയായിരുന്നു വിജയ സമയത്ത്.