ലോകകപ്പ് യോഗ്യതയിലെ സൂപ്പര്‍ സിക്സ് മത്സരത്തിൽ 21 റൺസിന്റെ വിജയം നേടി ശ്രീലങ്ക. ഇന്ന് ധനന്‍ജയ ഡി സിൽവ 93 റൺസുമായി പൊരുതി നിന്ന് ശ്രീലങ്കയെ 213 റൺസിലേക്ക് എത്തിച്ചപ്പോള്‍ 40 ഓവറിൽ നെതര്‍ലാണ്ട്സിനെ 192 റൺസിന് പുറത്താക്കിയാണ് ശ്രീലങ്ക വിജയം കൈക്കലാക്കിയത്.
മഹീഷ് തീക്ഷണ മൂന്നും വനിന്‍ഡു ഹസരംഗ രണ്ടും വിക്കറ്റ് നേടിയാണ് ടീമിന്റെ വിജയം ഒരുക്കിയത്. ഒരു ഘട്ടത്തിൽ 88/2 എന്ന നിലയിലും 127/4 എന്ന നിലയിലും നെതര്‍ലാണ്ട്സ് ബാറ്റ് വീശിയപ്പോള്‍ വിജയത്തിലേക്ക് ടീം നീങ്ങുമെന്നാണ് ഏവരും കരുതിയത്.
ഓപ്പണര്‍മാരെ രണ്ട് പേരെയും പൂജ്യത്തിന് നഷ്ടമായ ശേഷം വെസ്ലി ബാരെസി 52 റൺസും ബാസ് ഡി ലീഡ് 41 റൺസും നേടി നെതര്‍ലാണ്ട്സിനെ മുന്നോട്ട് നയിച്ചു. എന്നാൽ 88/2 എന്ന നിലയിൽ നിന്ന് ടീം 91/4 എന്ന നിലയിലേക്ക് വീണത് ടീമിന് തിരിച്ചടിയായി.
എന്നാലും മികച്ച റൺ റേറ്റിൽ സ്കോറിംഗ് നടത്തിയത് ടീമിന് തുണയാകുമെന്ന് കരുതിയെങ്കിലും 40 ഓവറിൽ ടീം ഓള്‍ഔട്ട് ആയി. ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേര്‍ഡ്സ് 67 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ മറ്റു താരങ്ങള്‍ക്ക് താരത്തിന് പിന്തുണ നൽകുവാന്‍ സാധിച്ചില്ല.