ടെസ്റ്റ് മത്സരങ്ങൾ രണ്ടര ദിവസത്തിനുള്ളിൽ അവസാനിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ, ഇത് ടെസ്റ്റ് ക്രിക്കറ്റിന് നല്ലതല്ല എന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരങ്ങളൊന്നും 5 ദിവസം മുഴുവൻ എത്താത്തതിന്റെ പശ്ചാത്തലത്തിലാണ് ഗംഭീർ ഈ പരാമർശം നടത്തിയത്.
“ടെസ്റ്റ് മത്സരങ്ങൾ 2.5 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുന്നത് ഞാൻ അഭിനന്ദിക്കില്ല. ന്യൂസിലൻഡ് vs ഇംഗ്ലണ്ട് ടെസ്റ്റിൽ കണ്ടതുപോലെ നല്ല ഫിനിഷുകൾ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിന് ടെസ്റ്റ് നാലാമത്തെയോ അഞ്ചാമത്തെയോ ദിവസം എത്തണം. 2.5 ദിവസങ്ങൾ വളരെ കുറവാണ്, ”ഗംഭീർ സ്പോർട്സ് ടുഡേയോട് പറഞ്ഞു.
സ്പിൻ ബൗളിംഗ് കളിക്കാൻ ഇന്ത്യൻ ബാറ്റർമാർ പ്രയാസപ്പെടുന്നത് ആണ് ടെസ്റ്റ് വേഗത്തിൽ അവസാനിക്കാൻ കാരണം എന്നത് ഗംഭീർ തള്ളുന്നു. സ്പിന്നിനെ കളിക്കാൻ ഇന്ത്യ തികച്ചും സജ്ജരാണെന്നും ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി, രോഹിത് ശർമ്മ തുടങ്ങിയ താരങ്ങൾ സ്പിന്നിനെ നന്നായി കളിക്കുന്നുണ്ട് എന്നും ഗംഭീർ അഭിപ്രായപ്പെട്ടു.
“അവർ സ്പിൻ ബൗളിംഗിലെ നല്ല കളിക്കാർ അല്ലായിരുന്നില്ലെങ്കിൽ, അവർ 100 ടെസ്റ്റുകളിൽ കളിക്കില്ലായിരുന്നു. ആ മാർക്ക് എത്താൻ നിങ്ങൾ സ്പിന്നിലും ഫാസ്റ്റ് ബൗളിംഗിലും മികച്ച കളിക്കാരനാകണം.ഡിആർഎസ് ആണ് പല ബാറ്റർന്മാരും പെട്ടെന്ന് പുറത്താകാൻ കാരണം.” അദ്ദേഹം പറഞ്ഞു.