അവസാന ഓവറിൽ പോളസിന്റെ ഹൃദയം തകര്‍ത്ത് ശ്രീകാന്ത്, GDISന് ഒരു വിക്കറ്റ് വിജയം

Sports Correspondent

Gdis

അവസാന ഓവറിൽ വിജയത്തിനായി GDIS നേടേണ്ടിയിരുന്നത് 24 റൺസായിരുന്നു. കൈവശം ഉണ്ടായിരുന്നത് ഏക വിക്കറ്റ്. എന്നാൽ ഓവറിൽ നിന്ന് മൂന്ന് സിക്സും രണ്ട് ബൗണ്ടറിയും ശ്രീകാന്ത് നേടിയപ്പോള്‍ അവിശ്വസനീയമായ ആവേശ വിജയം GDIS സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത പോളസ് 48/6 എന്ന സ്കോര്‍ നേടിയപ്പോള്‍ അഖിൽ 12 പന്തിൽ 20 റൺസും കൃഷ്ണദാസ് 12 റൺസും നേടിയാണ് സ്കോര്‍ബോര്‍ഡ് 48 റൺസിലേക്ക് എത്തിച്ചത്. ഒരു ഘട്ടത്തിൽ 13/6 എന്ന നിലയിലേക്ക് പോളസ് വീണ ശേഷമാണ് 48 റൺസ് ടീം നേടിയത്. GDISനായി ജിതേഷ്, സന്തോഷ്, ആദര്‍ശ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Polus

മറുപടി ബാറ്റിംഗിനറങ്ങിയ GDISനും തുടക്കം മോശമായിരുന്നു. 2 റൺസ് നേടുന്നതിനിടെ ടീമിന് 4 വിക്കറ്റാണ് നഷ്ടമായത്. പിന്നീട് ജിതേഷ് ടീം സ്കോര്‍ 22ലേക്ക് എത്തിച്ചുവെങ്കിലും അഖിൽ ഹാട്രിക്ക് നേട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ ജിഡിഐഎസ് 22/7 എന്ന നിലയിലേക്ക് വീണു. എബി പൊന്നച്ചന്‍ എറിഞ്ഞ ഏഴാം ഓവറിൽ വെറും മൂന്ന് റൺസ് പിറന്ന് രണ്ട് വിക്കറ്റ് നഷ്ടമായപ്പോള്‍ ജിഡിഐഎസ് 25/9 എന്ന നിലയിലായിരുന്നു.

വിജയം പോളസ് ഉറപ്പിച്ച നിമിഷത്തിലാണ് ശശികുമാര്‍ എറിഞ്ഞ അവസാന ഓവറിൽ കാര്യങ്ങള്‍ കീഴ്മേൽ മറിഞ്ഞത്. ശ്രീകാന്ത് ആദ്യ രണ്ട് പന്തുകളും സിക്സര്‍ പറത്തിയപ്പോള്‍ മൂന്നാം പന്തിൽ ശ്രീകാന്ത് ബീറ്റൺ ആവുകയായിരുന്നു.

അടുത്ത പന്തിൽ സിക്സും തൊട്ടടുത്ത രണ്ട് പന്തുകളിൽ ബൗണ്ടറി നേടി ശ്രീകാന്ത് 20 പന്തിൽ പുറത്താകാതെ 31 റൺസ് നേടിയപ്പോള്‍ അവിശ്വസനീയ വിജയം ആണ് GDIS നേടിയത്. വൺ ഡൗൺ ആയി ഇറങ്ങിയ ശ്രീകാന്ത് ഒരു വശത്ത് നിൽക്കുമ്പോള്‍ മറുവശത്ത് വിക്കറ്റുകള്‍ വീഴുകയായിരുന്നുവെങ്കിലും അവസാന ഓവറില്‍ താന്‍ നേരിട്ട ആറ് പന്തിൽ കളി മാറ്റി മറിക്കുന്ന ഇന്നിംഗ്സാണ് താരം പുറത്തെടുത്തത്. 18 റൺസ് നേടിയ ക്യാപ്റ്റന്‍ ജിതേഷ് ആണ് വിജയികളുടെ മറ്റൊരു പ്രധാന സ്കോറര്‍. അഞ്ച് വിക്കറ്റ് നേടിയ അഖിൽ ആണ് പോളസ് ബൗളിംഗിൽ തിളങ്ങിയത്.