പിറ്റ്സ് ബ്ലാക്കിന് 15 റണ്‍സ് വിജയം

ടിസിഎസ് ഡോയന്‍സിനെതിരെ 15 റണ്‍സ് വിജയം നേടി പിറ്റ്സ് ബ്ലാക്ക്. ആദ്യം ബാറ്റ് ചെയ്ത ടീമിന് വേണ്ടി സൂരജ്(20), ശ്രീജേഷ്(12) എന്നിവര്‍ തിളങ്ങിയപ്പോള്‍ പിറ്റ്സ് 8 വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് മാത്രമാണ് നേടിയത്. മറ്റു താരങ്ങളിലാര്‍ക്കും വേണ്ടത്ര മികവ് പുലര്‍ത്താനാകാതെ പോയതും വലിയ സ്കോറെന്ന പിറ്റ്സ് മോഹത്തിന് തിരിച്ചടിയായി. ടിസിഎസിന് വേണ്ടി വൈശാഖ് പ്രേം മൂന്നും അരുണ്‍ ദിലീപ് രണ്ടും വിക്കറ്റ് നേടി.

ചേസിംഗിനിറങ്ങിയ ടിഎസിനും തുടക്കം മോശമായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍മാരെ രണ്ട് പേരെയും ജിബിന്‍ ജോസഫ് പുറത്താക്കി. സെറോഷ് വിക്രമനും(11), വാലറ്റത്തില്‍ അജിത് കുമാറും(9) മാത്രമാണ് ടിസിഎസ് നിരയില്‍ തിളങ്ങിയത്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി പിറ്റ്സ് എതിരാളികളെ 7.5 ഓവറില്‍ 40 റണ്‍സിന് പുറത്താക്കി.

പിറ്റ്സ് ബ്ലാക്കിന് വേണ്ടി ബൗളിംഗില്‍ രാഹുല്‍ ആര്‍ എല്‍ മൂന്ന് വിക്കറ്റും ജിബിന്‍ ജോസഫ്, വിഷ്ണു നായര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.