ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ഏകപക്ഷീയമായ മത്സരങ്ങള്‍ കണ്ട ദിവസത്തിലെ ത്രില്ലര്‍ മത്സരത്തില്‍ ആവേശകരമായ വിജയം നേടി സിപി സ്ട്രൈക്കേഴ്സ്. പോളസ് റോയല്‍ സ്ട്രൈക്കേഴ്സിനെതിരെ വിജയ ലക്ഷ്യമായ 48 റണ്‍സ് പിന്തുടര്‍ന്ന സിപി സ്ട്രൈക്കേഴ്സിന് അവസാന ഓവറില്‍ ജയിക്കുവാന്‍ നേടേണ്ടിയിരുന്നത് എട്ട് റണ്‍സായിരുന്നു. ഓവറിലെ ആദ്യ പന്തില്‍ സിംഗിള്‍ നേടിയ ടീമിന് അടുത്ത പന്തില്‍ 9 റണ്‍സ് നേടിയ റിജിലിനെ നഷ്ടമായി. അടുത്ത രണ്ട് പന്തുകളില്‍ നിന്ന് മിഥുന്‍ മാധവന്‍ മൂന്ന് റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം അവസാന രണ്ട് പന്തില്‍ 4 റണ്‍സായി മാറിയിരുന്നു. അഞ്ചാം പന്ത് സിക്സര്‍ പറത്തി രൂപേഷ് രവീന്ദ്രനാണ് സിപി സ്ട്രൈക്കേഴ്സിന് ആവേശകരമായ വിജയം സമ്മാനിച്ചത്.
7 വിക്കറ്റുകളാണ് ചേസിംഗില്‍ സിപി സ്ട്രൈക്കേഴ്സിന് നഷ്ടമായത്. മൂന്ന് പന്തില്‍ 8 റണ്‍സ് നേടിയ രൂപേഷ് രവീന്ദ്രനോടൊപ്പം രാജീവ് രാമചന്ദ്രന്‍, അങ്കുര്‍(8), റിജില്‍(9) എന്നിവരാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. പോളസിന് വേണ്ടി അരുണ്‍ രാജ് മൂന്നും മഹേഷ് രണ്ടും വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പോളസിന് 47 റണ്‍സാണ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. എബിന്‍ തോമസ് സിപി സ്ട്രൈക്കേഴ്സിന് വേണ്ടി മൂന്ന് വിക്കറ്റ് കരസ്ഥമാക്കിയപ്പോള്‍ അരുണ്‍ രാജ്(9), ഹരീഷ്(8), അരവിന്ദ്(8) എന്നിവരാണ് ബാറ്റിംഗില്‍ പൊരുതി നോക്കിയ താരങ്ങള്‍.