അനീഷിന്റെ ബാറ്റിംഗ് പ്രകടനവും തുണച്ചില്ല, ഇന്‍ഫോബ്ലോക്സിനെ വീഴ്ത്തി കെയര്‍സ്റ്റാക്ക് വൈറ്റ്, വിജയം 9 റണ്‍സിന്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ഇന്‍ഫോബ്ലോക്സിനെതിരെ 9 റണ്‍സ് വിജയം സ്വന്തമാക്കി കെയര്‍സ്റ്റാക്ക്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കെയര്‍സ്റ്റാക്ക് 8 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സാണ് നേടിയത്. ലക്ഷ്യം തേടിയിറങ്ങിയ ഇന്‍ഫോബ്ലോക്സിന് 8 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് മാത്രമേ നേടിയുള്ളു.

ടോപ് ഓര്‍ഡറില്‍ അനീഷ് 23 പന്തില്‍ നിന്ന് 33 റണ്‍സുമായി ഇന്‍ഫോബ്ലോക്സിനായി തിളങ്ങിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് മികച്ച പ്രകടനം വരാതിരുന്നപ്പോള്‍ ടീം തോല്‍വിയിലേക്ക് വീഴുകയായിരുന്നു. അവസാന ഓവറില്‍ 14 റണ്‍സ് ആയിരുന്നു ഇന്‍ഫോബ്ലോക്സ് വിജയത്തിനായി നേടേണ്ടിയിരുന്നത്. എന്നാല്‍ ഓവറിലെ രണ്ടാം പന്തില്‍ അനീഷ് പുറത്തായതോടെ ടീമിന്റെ സാധ്യത ഇല്ലാതായി. കെയര്‍സ്റ്റാക്കിനായി ഉണ്ണികൃഷ്ണന്‍ 3 വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത കെയര്‍സ്റ്റാക്ക് നിരയില്‍ 11 റണ്‍സ് നേടിയ അരുണ്‍ ദാസ് ആണ് ടോപ് സ്കോറര്‍. റൂബന്‍ ബി ചാക്കോ 9 റണ്‍സും നേടി. 11 റണ്‍സ് എക്സ്ട്രാസ് ഇനത്തിലും ലഭിച്ചപ്പോള്‍ ഉണ്ണികൃഷ്ണന്‍ ടീമിനായി 8 റണ്‍സ് നേടി. ഇന്‍ഫോബ്ലോക്സിനായി അനീഷും രൂപേഷും മൂന്ന് വീതം വിക്കറ്റ് നേടുകയായിരുന്നു.