25 പന്തില്‍ നിന്ന് 56 റണ്‍സ് നേടി അരവിന്ദന്‍ അശോകന്‍, ഐവി ലയണ്‍സിനെ മുട്ടുകുത്തിച്ച് വേ ബ്ലാസ്റ്റേഴ്സ്

Sports Correspondent

അവസാന ഓവറില്‍ ജയിക്കുവാന്‍ വേ ബ്ലാസ്റ്റേഴ്സിന് വേണ്ടിയിരുന്നത് 18 റണ്‍സായിരുന്നു. വിക്കറ്റുകളാണെങ്കില്‍ 9 എണ്ണം കൈയ്യില്‍. അനീഷ് എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ പീര് മുഹമ്മദ് ഷാഫ ബൗണ്ടറി നേടിയെങ്കിലും അടുത്ത പന്തില്‍ താരം പുറത്തായപ്പോള്‍ ലക്ഷ്യം 4 പന്തില്‍ 14 എന്നായിരുന്നു. സ്ട്രൈക്കില്‍ എത്തിയ അരവിന്ദന്‍ അശോകന്‍ അടുത്ത പന്ത് സിക്സ് പറത്തിയും തൊട്ടടുത്ത പന്തില്‍ ഡബിള്‍ ഓഡിയും ലക്ഷ്യം അവസാന രണ്ട് പന്തില്‍ നിന്ന് 6 റണ്‍സാക്കി മാറ്റിയിരുന്നു. ഓവറിലെ അടുത്ത പന്ത് ബൗണ്ടറി കടത്തിയപ്പോള്‍ ജയിക്കുവാന്‍ വേ ബ്ലാസ്റ്റേഴ്സ് നേടേണ്ടിയിരുന്നത് അവസാന പന്തില്‍ നിന്ന് രണ്ട് റണ്‍സ്. അനീഷിനെ വീണ്ടും ബൗണ്ടറി കടത്തി ടീമിനെ വിജയത്തിലേക്ക് അരവിന്ദന്‍ അശോകന്‍ നയിച്ചപ്പോള്‍ താരം 25 പന്തില്‍ നിന്ന് 56 റണ്‍സാണ് നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഐവി ലയണ്‍സ് 8 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സാണ് നേടിയത്. കെഎസ് ജീവന്‍ 16 റണ്‍സ് നേടി റിട്ടേര്‍ഡ് ഹര്‍ട്ട് ആയപ്പോള്‍ സി അരവിന്ദന്‍(9 പന്തില്‍ 16 റണ്‍സ്), മുകേഷ്(11*) എന്നിവര്‍ക്കൊപ്പം അനീഷ്(11), സുജിത്ത്(10) എന്നിവരാണ് ടീമിനായി പ്രധാനമായും റണ്‍സ് കണ്ടെത്തിയത്. വേ ബ്ലാസ്റ്റേഴ്സിന് വേണ്ടി മനു രണ്ട് വിക്കറ്റ് നേടി.

അവസാന രണ്ടോവറില്‍ ജയിക്കുവാന്‍ 35 റണ്‍സായിരുന്നു വേ ബ്ലാസ്റ്റേഴ്സിന് വേണ്ടിയിരുന്നത്. അനന്ദു എറിഞ്ഞ ഏഴാം ഓവറില്‍ 17 റണ്‍സാണ് അരവിന്ദന്‍ അശോകന്‍ നേടിയത്. ഒരു ഫോറും രണ്ട് സിക്സും അടങ്ങിയതായിരുന്നു ആ ഓവര്‍. ലക്ഷ്യം അവസാന ഓവറില്‍ 18 റണ്‍സാക്കി മാറ്റിയ അരവിന്ദന്‍ ടീമിന്റെ വിജയം തന്റെ വെടിക്കെട്ട് ബാറ്റിംഗിലൂടെ ഉറപ്പാക്കി. 4 വീതം സിക്സും ഫോറും ആണ് താരം തന്നെ മിന്നും ഇന്നിംഗ്സില്‍ നേടിയത്.