നിസ്സാന്‍ ബ്രേവ്ഹാര്‍ട്സിന് 4 വിക്കറ്റ് വിജയം, വിജയ ശില്പികളായി ഏഴാം വിക്കറ്റ് കൂട്ടുകെട്ട്

Sports Correspondent

ക്യുബര്‍സ്റ്റ് ബ്ലാക്കിനെതിരെ നാല് വിക്കറ്റ് വിജയം നേടി നിസ്സാന്‍ ബ്രേവ്ഹാര്‍ട്സ് ഇലവന്‍. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ക്യുബര്‍സ്റ്റ് ബ്ലാക്ക് 7.5 ഓവറില്‍ 45 റണ്‍സിന് പുറത്തായപ്പോള്‍ വിക്കറ്റുകള്‍ ആറെണ്ണം തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും ഏഴാം വിക്കറ്റ് കൂട്ടുകെട്ടിന്റെ പ്രകടനം ആണ് ബ്രേവ്ഹാര്‍ട്സിന് തുണയായി മാറിയത്. 19/6 എന്ന നിലയില്‍ ക്രീസിലെത്തിയ മന്‍സൂര്‍ അഹമ്മദ്-പുരുഷോത്തം സേതുറാം കൂട്ടുകെട്ട് നേടിയ 27 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് നിസ്സാനെ 4 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.

13 പന്തില്‍ മന്‍സൂര്‍ 18 റണ്‍സ് നേടി ക്രീസില്‍ നിന്നപ്പോള്‍ 5 പന്തില്‍ 11 റണ്‍സുമായി പുരുഷോത്തം മന്‍സൂറിന് മികച്ച പിന്തുണ നല്‍കി. ക്യുബര്‍സ്റ്റിനായി രതീഷ് മൂന്നും വിജയ് ശങ്കര്‍ രണ്ടും വിക്കറ്റ് നേടി. രതീഷ് തന്റെ ഒരോവറില്‍ 2 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് മൂന്ന് വിക്കറ്റും നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ക്യുബര്‍സ്റ്റിനായി 12 റണ്‍സ് നേടിയ ആനന്ദും അവസാനക്കാരനായി ഇറങ്ങി 4 പന്തില്‍ നിന്ന് പത്ത് റണ്‍സുമായി പുറത്താകാതെ നിന്ന രതീഷുമാണ് ബാറ്റിംഗില്‍ പൊരുതി നോക്കിയത്. നിസ്സാന്‍ ബൗളര്‍മാരില്‍ പ്രണവ് നായര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അമൃത് കുമാര്‍, നിതിന്‍ ജൈന്‍, ഗൗരവ് കുമാര്‍, അവിനാഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി തിളങ്ങി.