എതിരാളികളാരെന്ന് അറിയാത്ത സാഹചര്യം അരോചകം – തമീം ഇക്ബാല്‍

Sports Correspondent

സിംബാബ്‍വേയ്ക്കെതിരെയുള്ള ഏകദിന പരമ്പര നാളെ ആരംഭിക്കുവാനിരിക്കവേ തങ്ങള്‍ ആര്‍ക്കെതിരെയാണ് കളിക്കുക എന്നത് ബംഗ്ലാദേശിന് ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല. പരമ്പരയ്ക്കുള്ള സ്ക്വാഡ് ഇതുവരെ പ്രഖ്യാപിക്കാത്ത സിംബാബ്‍വേയുടെ നീക്കം അരോചകമെന്നാണ് ബംഗ്ലാദേശ് പരിമിത ഓവര്‍ നായകന്‍ തമീം ഇക്ബാല്‍ വ്യക്തമാക്കിയത്.

മത്സരത്തിന് 24 മണിക്കൂറിൽ താഴെ മാത്രമുള്ളപ്പോളാണ് ഈ സാഹചര്യമെന്നും വളരെ അസാധാരണമായ ഒരു സംഭവം ആണ് ഇതെന്നും തമീം ഇക്ബാല്‍ വ്യക്തമാക്കി. പത്ത് ദിവസം ക്വാറന്റീന്‍ കഴിയാതെ വില്യംസിനെയും ഇര്‍വിനെയും കളിപ്പിക്കുവാനാണോ സിംബാബ്‍വേ ലക്ഷ്യമിടുന്നതെന്നും തമീം സംശയം പ്രകടിപ്പിച്ചു.

എതിരാളികള്‍ ആരെന്ന് അറിയാതെ തങ്ങള്‍ക്ക് ടീം മീറ്റിംഗ് പോലും നടത്താനാകാത്ത സാഹചര്യം ആണെന്നും തമീം വ്യക്തമാക്കി.