സ്ത്രീകൾക്ക് എതിരായ താലിബാൻ ക്രൂരത, ഓസ്ട്രേലിയ അഫ്ഘാനെതിരായ പരമ്പരയിൽ നിന്ന് പിന്മാറി

Newsroom

താലൊബാനെതിരായ നിലപാടെടുത്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം. സ്ത്രീകളുടെ അവകാശങ്ങൾ കൂടുതൽ നിയന്ത്രിക്കാനുള്ള താലിബാൻ നീക്കങ്ങൾ ചൂണ്ടിക്കാട്ടി അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിൽ നിന്ന് ഓസ്‌ട്രേലിയ പിൻമാറി. യു എ ഇയിൽ വെച്ചായിരുന്നു മത്സരങ്ങൾ നടക്കേണ്ടിയിരുന്നത്.

താലിബാൻ 23 01 12 11 34 03 800

ഇന്ത്യൻ പര്യടനത്തിന് ശേഷം ആയിരുന്നു ഓസ്ട്രേലിയ അഫ്ഗാൻ ഏകദിനം നടക്കേണ്ടിയിരുന്നത്. മൂന്ന് ഏകദിന മത്സരങ്ങൾ ഉണ്ടായിരുന്ന പരമ്പര ഇനി നടക്കില്ല. ഇന്ന് ട്വിറ്ററിലൂടെ ആണ് ഓസ്ട്രേലിയ ഈ തീരുമാനം അറിയിച്ചത്. ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിന്റെ ഈ തീരുമാനത്തിന് ഓസ്ട്രേലിയൻ ഗവണ്മെന്റ് പിന്തുണ അറിയിച്ചു.

താലിബാൻ കഴിഞ്ഞ ദിവസങ്ങളിൽ സ്ത്രീകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസവും ഒപ്പം അവർക്ക് പാർക്ക് ജിം പൊതു ഇടങ്ങളിലെ പ്രവേശനം എല്ലാം ഇപ്പോൾ താലിബാൻ നിയന്ത്രിച്ചിരിക്കുകയാണ്.