ടി20 ലോകകപ്പിൽ ടീം ഇന്ത്യക്ക് ലഭിക്കുന്നത് മഹേന്ദ്ര സിംഗ് ധോണിയുടെ സൗജന്യ സേവനമാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ലോകകപ്പിനായുള്ള ടി20 ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ധോണി മെന്ററായി ടീമിൽ ഉണ്ടാകുമെന്നും ബിസിസിഐ അറിയിച്ചിരുന്നു. ലോകകപ്പ് ടീമിന്റെ മെന്ററാവാൻ ഓണറേറിയം പോലും വാങ്ങുന്നില്ല എന്നാണ് ജയ് ഷാ ഇന്ന് വ്യക്തമാക്കിയത്.
മഹേന്ദ്ര സിംഗ് ധോണിയുടെ സാന്നിദ്ധ്യം ലോകകപ്പിൽ ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും ഇന്ത്യയുടെ കൂടെയും ചെന്നൈ സൂപ്പർ കിങ്സിന്റെ കൂടെയും ടി20 ഫോർമാറ്റിൽ മികച്ച പ്രകടനമാണ് ധോണി പുറത്തെടുത്തിരുന്നതെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മുൻപ് വ്യക്തമാക്കിയിരുന്നു. ഏറെ കൂടിയാലോചകൾക്ക് ശേഷമായിരുന്നു ധോണിയെ ഇന്ത്യൻ ടീം മെന്ററാക്കിയത്. 2013ന് ശേഷം ഇന്ത്യ ഒരു ഐ.സി.സി കിരീടം നേടിയിട്ടില്ലെന്നും സൗരവ് ഗാംഗുലി അന്ന് സൂചിപ്പിച്ചിരുന്നു. ആഷസ് പരമ്പരയിൽ ഓസ്‌ട്രേലിയൻ ടീം സ്റ്റീവ് വോയെ ഉപദേശകനായി നിയമിച്ച കാര്യവും ഗാംഗുലി അന്നെടുത്തു പറഞ്ഞു. 2013ൽ മഹേന്ദ്ര സിംഗ് ധോണിക്ക് കീഴിലാണ് ഇന്ത്യ അവസാനമായി ഐ.സി.സി. കിരീടം നേടിയത്.