സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാച്ചൽ പ്രദേശിനെതിരെ 163 റൺസ് നേടി കേരളം. ഒരു ഘട്ടത്തിൽ കേരളം 150 റൺസ് കടക്കുമോ എന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാന ഓവറുകളിൽ സച്ചിന്‍ ബേബിയുടെ ബാറ്റിംഗ് മികവാണ് കേരളത്തെ 163 റൺസിലേക്ക് എത്തിച്ചത്. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് കേരളം ഈ സ്കോര്‍ നേടിയത്.

ടോപ് ഓര്‍ഡറിൽ വിഷ്ണു വിനോദ് മികച്ച രീതിയിൽ ബാറ്റ് വീശിയെങ്കിലും മറുവശത്ത് വിക്കറ്റ് വീണത് കേരളത്തിന് തിരിച്ചടിയായി. വിഷ്ണു വിനോദ് വൺ ഡൗണായി 27 പന്തിൽ നിന്ന് 44 റൺസ് നേടിയപ്പോള്‍ മൊഹമ്മദ് അസ്ഹറുദ്ദീന്‍ 20 റൺസും സൽമാന്‍ നിസാര്‍ 23 റൺസും നേടി. ഹിമാച്ചലിന് വേണ്ടി എംജെ ഡാഗര്‍ 3 വിക്കറ്റ് നേടിയപ്പോള്‍ മുകൽ നേഗി 2 വിക്കറ്റ് നേടി.
സച്ചിന്‍ ബേബി 20 പന്തിൽ 30 റൺസ് നേടിയപ്പോള്‍ സിജോമോന്‍ 11 റൺസ് നേടി റണ്ണൗട്ടായി. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റിൽ 41 റൺസാണ് നേടിയത്.
 
					













