സയ്യദ് മുഷ്താഖ് അലി ട്രോഫി നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഡിസംബര്‍ 20 മുതല്‍ ജനുവരി 10 വരെ നടക്കാനിരിക്കുന്ന സയ്യദ് മുഷ്താഖ് അലി ട്രോഫി നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍. കോവിഡ് കാരണം നിയന്ത്രണങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ തന്നെ ക്രിക്കറ്റ് ഇതുവരെ കേരളത്തില്‍ പുനരാരംഭിച്ചിട്ടില്ലെന്നും പരിശീലനമോ പ്രീ സീസണ്‍ തയ്യാറെടുപ്പുകളോ ഇല്ലാതെ ടീം സജ്ജമാക്കുക പ്രയാസകരമാണെന്നാണ് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ ബിസിസിഐയോട് അറിയിച്ചത്.

ഡിസംബര്‍ 20ന് സംസ്ഥാന ടീമിനെ ഈ ടൂര്‍ണ്ണമെന്റിന് തയ്യാറാക്കുക പ്രയാസമാണെന്നും ഏതൊരു സാഹചര്യത്തിലും അത് സാധ്യമാകില്ലെന്നും ടൂര്‍ണ്ണമെന്റ് ജനുവരി 2021ല്‍ നടത്തുകയാവും അഭികാമ്യമെന്നും കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ വ്യക്തമാക്കി.

സൗരാഷ്ട്ര ക്രിക്കറ്റ് അസോസ്സിയേഷനും സമാനമായ ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്. 2021 ജനുവരിയില്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നതാണ് നല്ലതെന്നും അത് സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ ടീമുകളെ സജ്ജമാക്കുവാന്‍ സാധ്യമാക്കുമെന്നും ബിസിസിഐയ്ക്ക് അയയ്ച്ച കത്തില്‍ സൗരാഷ്ട്ര അറിയിച്ചു