കേരളത്തിനു 169 റണ്‍സ് വിജയലക്ഷ്യം

Sports Correspondent

സയ്യദ് മുഷ്താഖ് അലി ട്രോഫി ടി20 സൗത്ത് സോണ്‍ മത്സരത്തില്‍ ഹൈദ്രാബാദിനെതിരെ കേരളത്തിനു 169 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ കേരള നായകന്‍ സച്ചിന്‍ ബേബി ഹൈദ്രാബാദിനെ ബാറ്റിംഗിനയയ്ച്ചു. മൂന്നാം ഓവറില്‍ തന്മയ് അഗര്‍വാലിനെ(4) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ അക്ഷത് റെഡ്ഢിയും(34) ഭവാങ്ക സന്ദീപും (25) ചേര്‍ന്നു 49 റണ്‍സ് കൂട്ടിചേര്‍ക്കുകയായിരുന്നു. ജലജ് സക്സേന ഇരുവരെയും പുറത്താക്കി കേരളത്തിനെ തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നു.

എന്നാല്‍ ആശിഷ് റെഡ്ഢിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് കേരളത്തിനു തലവേദന സൃഷ്ടിക്കുകയായിരുന്നു. 14 പന്തില്‍ 21 റണ്‍സ് നേടി കുതിക്കുകയായിരുന്ന ആശിഷിനെ മടക്കി പ്രശാന്ത് പദ്മനാഭന്‍ കേരളത്തിനെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. നായകന്‍ അമ്പാട്ടി റായിഡുവും(52*) സുമന്ത് കൊല്ലയും ചേര്‍ന്ന് ഭേദപ്പെട്ട രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ ഹൈദ്രാബാദ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടുകയായിരുന്നു. 14 റണ്‍സാണ് കേരളം എക്സ്ട്രായിനത്തില്‍ വഴങ്ങിയത്. അഞ്ചാം വിക്കറ്റില്‍ 49 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. സുമന്തിനെ(18) ബേസില്‍ തമ്പി പുറത്താക്കുകയായിയിരുന്നു. അമ്പാട്ടി റായിഡു പുറത്താകാതെ ക്യാപ്റ്റന്റെ ഇന്നിംഗ്സ് പുറത്തെടുത്ത് 52 റണ്‍സ് നേടി. 31 പന്ത് നേരിട്ട മുന്‍ ഇന്ത്യന്‍ താരം മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും തന്റെ ഇന്നിംഗ്സില്‍ നേടി.

കേരള ബൗളിംഗ് നിരയില്‍ ജലജ് സക്സേന(2), സന്ദീപ് വാര്യര്‍, പ്രശാന്ത് പദ്മനാഭന്‍, ബേസില്‍ തമ്പി എന്നിവരാണ് വിക്കറ്റ് പട്ടികയില്‍ ഇടം നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial