കേരളത്തിനു മൂന്നാം തോല്‍വി, 22 പന്തില്‍ അര്‍ദ്ധ ശതകം തികച്ച് അശ്വിന്‍ ഹെബ്ബാര്‍

Sports Correspondent

ആന്ധ്രയ്ക്കെതിരെയുള്ള മത്സരവും പരാജയപ്പെട്ടതോടെ സൗത്ത് സോണ്‍ സയ്യദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണ്ണമെന്റില്‍ കേരളത്തിന്റെ മൂന്നാം തോല്‍വി. കേരളത്തിന്റെ സ്കോറായ 120 റണ്‍സ് പിന്തുടര്‍ന്ന ആന്ധ്ര  അവസാന  പന്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മത്സരം സ്വന്തമാക്കി. അശ്വിന്‍ ഹെബ്ബാര്‍ നേടിയ അര്‍ദ്ധ ശതകവും നായകന്‍ ഹനുമന വിഹാരി(25),  റിക്കി ഭുയി(17), രവി തേജ(15*) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ടീമിനെ 6 വിക്കറ്റ് ജയത്തിലേക്ക് നയിച്ചത്.

34 പന്തില്‍ നിന്ന് 6 ബൗണ്ടറിയും 4 സിക്സും സഹിതം 64 റണ്‍സ് നേടിയാണ് അശ്വിന്‍ ഹെബ്ബാര്‍ പുറത്തായത്. കേരളത്തിനായി മിഥുന്‍, ബേസില്‍ തമ്പി രണ്ടും മിഥുന്‍ ഒരു വിക്കറ്റും  നേടി. ഹെബ്ബാര്‍ ക്രീസിലുണ്ടായിരുന്നപ്പോള്‍ ഓവറുകള്‍ ബാക്കി നില്‍ക്കെ അവസാനിക്കുമെന്ന് കരുതിയ മത്സരം അവസാന പന്ത് വരെ കൊണ്ടെത്തിക്കാനായി എന്നതില്‍ കേരളത്തിനു ആശ്വാസം കണ്ടെത്താവുന്നതാണ്.

നേരത്തെ വിഷ്ണു വിനോദ്(45), സഞ്ജു സാംസണ്‍(32) എന്നിവര്‍ നല്‍കിയ മികച്ച തുടക്കം മുതലാക്കാനാകാതെ പോയപ്പോള്‍ കേരളം 12ാം ഓവറില്‍ 120 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 13 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഹരിശങ്കര്‍ റെഡ്ഢി നാലും അയ്യപ്പ ഭണ്ഡാരു മൂന്നു വിക്കറ്റുകള്‍ ആന്ധ്രയ്ക്കായി വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial