സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കിടെ കര്‍ണ്ണാടയുമായുള്ള മത്സരത്തിനിടെയുണ്ടായ വിവാദത്തിനെത്തുടര്‍ന്ന് ഹൈദ്രാബാദ് ടീമംഗങ്ങളും അമ്പയര്‍മാരും തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍ ഹൈദ്രാബാദ് നായകന്‍ അമ്പാട്ടി റായിഡുവിനും മാനേജര്‍ ക്രിഷന്‍ റാവുവിനും ബിസിസിഐയുടെ നോട്ടീസ്. ജനുവരി 11നു നടന്ന മത്സരത്തില്‍ വിവാദമായ തീരുമാനത്തിനു ശേഷം കര്‍ണ്ണാടക 2 റണ്‍സിനു ജയിച്ചിരുന്നു. മത്സരശേഷം താരങ്ങള്‍ ഗ്രൗണ്ടില്‍ നിന്ന് പുറത്ത് കടക്കുവാന്‍ വിസമ്മതിച്ചതിനാല്‍ തൊട്ടു പിന്നാലെ നടക്കേണ്ട കേരളത്തിന്റെ മത്സരം വൈകുകയായിരുന്നു.
ആദ്യ പകുതിയ്ക്ക് ശേഷം കര്‍ണ്ണാടകയുടെ സ്കോറിനോട് അമ്പയര്‍മാരുടെ പിഴവ് തിരുത്തുന്നതിന്റെ ഭാഗമായി രണ്ട് റണ്‍സ് കൂടി ചേര്‍ക്കുവാന്‍ അനുവദിക്കുകയായിരുന്നു. പിന്നീട് കര്‍ണ്ണാടക ഈ രണ്ട് റണ്‍സിനു ജയിക്കാനിടയായത് ഹൈദ്രാബാദിനെ ചൊടിപ്പിക്കുകയായിരുന്നു. മത്സരം സമനിലയാണെന്നും സൂപ്പര്‍ ഓവര്‍ ആവശ്യമാണെന്നും അമ്പാട്ടി റായിഡു വാദിക്കുകയായിരുന്നു.
ഏഴ് ദിവസത്തിനകം റായിഡുവും മാനേജറും ബിസിസിഐയുടെ നോട്ടീസിനു മറുപടി നല്‍കണമെന്നാണ് നിലവില്‍ ബിസിസിഐയുടെ ഉത്തരവ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial