സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ പിൻബലത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20യിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 201-7 റൺസ് എടുത്തു. സൂര്യകുമാർ സെഞ്ച്വറിയുമായി ടോപ് സ്കോറർ ആയി. ക്യാപ്റ്റൻ വെറും 56 പന്തിൽ നിന്ന് 100 റൺസ് ആണ് അടിച്ചു കൂട്ടിയത്. 8 സിക്സും 7 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. സൂര്യയുടെ നാലാം ടി20 സെഞ്ച്വറി ആണിത്.
ഇന്ന് ഓപ്പണർ യശസ്വി ജയ്സ്വാൾ ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. 41 പന്തിൽ നിന്ന് 60 റൺസ് എടുത്ത് ഫോമിലേക്ക് തിരികെയെത്താൻ ജയ്സ്വാളിനായി. 3 സിക്സും 6 ഫോറും അടങ്ങുന്നത് ആയിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്.
12 റൺസ് എടുത്ത ഗില്ലും റൺ ഒന്നും എടുക്കാത്ത തിലക് വർമയും നിരാശപ്പെടുത്തി. അവസാനം 10 പന്തിൽ നിന്ന് 14 റൺസ് എടുത്ത് റിങ്കുവും ഇന്ത്യയെ മികച്ച സ്കോറിൽ എത്താൻ സഹായിച്ചു.