ആദ്യ ടെസ്റ്റില്‍ പിച്ചിന്റെ കാരണം പറഞ്ഞ് തന്നെ ടീമില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഏറെ നിരാശനായിരുന്നു സ്റ്റുവര്‍ട് ബ്രോഡ്. തന്റെ നിരാശയും അരിശവും മറച്ച് വയ്ക്കാതെ തുറന്നടിയ്ക്കുകയായിരുന്നു ഇംഗ്ലണ്ട് സീനിയര്‍ താരം. എട്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ഇംഗ്ലണ്ട് ടെസ്റ്റ് ഇലവനില്‍ നിന്ന് തന്നെ ഒഴിവാക്കിയതിന് യാതൊരുവിധ ന്യായീകരണവും ഇല്ലെന്നാണ് ബ്രോഡ് പറഞ്ഞത്.
ബ്രോഡിന്റെ അഭാവമാണോ കാരണമെന്ന് പറയാനാകില്ലെങ്കിലും ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് തോറ്റു. സാഹചര്യം ആവശ്യപ്പെടുന്നുവെങ്കില്‍ ബ്രോഡിനെ പുറത്ത് ഇരുത്തുമെന്ന് ഇംഗ്ലണ്ട് കോച്ചും അന്നത്തെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും പറഞ്ഞുവെങ്കിലും ജോ റൂട്ട് മടങ്ങിയെത്തിയതോടെ ഇംഗ്ലണ്ട് ടീമിലേക്ക് സ്റ്റുവര്‍ട് ബ്രോഡ് തിരികെ എത്തി.
മാഞ്ചസ്റ്ററിലെ പിന്നീടുള്ള രണ്ട് ടെസ്റ്റും ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ അതില്‍ 16 വിക്കറ്റാണ് ബ്രോഡ് നേടിയത്. അവസാന ടെസ്റ്റില്‍ നിന്ന് പത്ത് വിക്കറ്റും താരം നേടി. തന്റെ അഞ്ഞൂറാം ടെസ്റ്റ് വിക്കറ്റും മത്സരത്തില്‍ നേടിയ സ്റ്റുവര്‍ട് ബ്രോഡ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സില്‍ 62 റണ്‍സിന്റെ നിര്‍ണ്ണായക സംഭാവനയും ബാറ്റ് കൊമ്ട് ബ്രോഡ് നേടി. 280/8 എന്ന നിലയില്‍ നിന്ന് ഇംഗ്ലണ്ടിനെ 356/9 എന്ന നിലയിലേക്ക് എത്തിച്ചതില്‍ വലിയ പങ്ക് ബ്രോഡിന്റെയായിരുന്നു. ഈ രണ്ട് ടെസ്റ്റിലെയും പ്രകടനം താരത്തിനെ പരമ്പരയിലെ താരമായും പ്രഖ്യാപിക്കുവാന്‍ ഇടയായി.
വിന്‍ഡീസിന്റെ റോസ്ടണ്‍ ചേസിനും ബ്രോഡിനൊപ്പം ഈ അംഗീകാരം നേടുവാന്‍ ആയി.