ട്രെന്റ്ബ്രിഡ്ജിലെയും വാണ്ടറേഴ്സിലെയും തന്റെ പ്രകടനങ്ങളാണ് തന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍

ടെസ്റ്റില്‍ തന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ ഏതെന്ന ചോദ്യത്തിന് മറുപടി നല്‍കി ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട് ബ്രോഡ്. ജെയിംസ് ആന്‍ഡേഴ്സണൊപ്പം ഇന്‍സ്റ്റ ലൈവില്‍ എത്തിയപ്പോളാണ് താരം ഈ പ്രകടനങ്ങളെക്കുറിച്ച് വാചാലനായത്. 2015 ആഷസില്‍ ട്രെന്റ് ബ്രിഡ്ജിലും ദക്ഷിണാഫിക്കയ്ക്കെതിരെ വാണ്ടറേഴ്സിലും നടത്തിയ പ്രകടനങ്ങളാണ് തന്റെ ഏറ്റവും മികച്ചവയെന്ന് താരം വ്യക്തമാക്കി.

2015 ആഷസില്‍ ഓസ്ട്രേലിയയ്ക്കെതിരെ ട്രെന്റ് ബ്രിഡ്ജില്‍ സ്റ്റുവര്‍ട് ബ്രോഡ് 8 വിക്കറ്റാണ് 15 റണ്‍സ് മാത്രം വിട്ട് നല്‍കി നേടിയത്. പരമ്പരയിലെ നാലാം ടെസ്റ്റിലെ ആദ്യ ദിവസത്തെ തന്റെ സ്പെല്‍ എന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതാണെന്ന് താരം സൂചിപ്പിച്ചു. ഇതേ മത്സരത്തില്‍ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയതെന്നും അതിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയാകുവാന്‍ കഴിഞ്ഞുവെന്നതും തനിക്ക് എന്നും സന്തോഷം നല്‍കുന്നുണ്ടെന്നും ബ്രോഡ് വ്യക്തമാക്കി.

അത് പോലെ ഓര്‍മ്മയില്‍ നില്‍ക്കുന്നതാണ് വാണ്ടറേഴ്സില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പ്രകടനം. മത്സരത്തില്‍ 17 റണ്‍സിന് 6 വിക്കറ്റാണ് തനിക്ക് ലഭിച്ചത്. അവിടുത്തെ സാഹചര്യം അത്ര കണ്ട് പരിചിതമല്ലായിരുന്നു വിക്കറ്റ് ലഭിക്കുക പ്രയാസകരവുമായിരുന്നു അതിനാല്‍ തന്നെ ഈ പ്രകടനവും എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നുവെന്ന് ബ്രോഡ് പറഞ്ഞു.

ടെസ്റ്റില്‍ 485 വിക്കറ്റുകളാണ് ഈ താരം ഇതുവരെ നേടിയിട്ടുള്ളത്.

Exit mobile version