ബ്രിസ്റ്റോള്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബെന്‍ സ്റ്റോക്സിനും അലക്സ് ഹെയില്‍സിനും പിഴ വിധിച്ച് ക്രിക്കറ്റ് അച്ചടക്ക കമ്മിഷന്‍. എന്നാല്‍ നേരത്തെ തന്നെ മത്സരങ്ങള്‍ നഷ്ടമായതിനാല്‍ മത്സരങ്ങളിലെ വിലക്ക് ഒഴിവാക്കപ്പെടുകയും താരങ്ങള്‍ക്ക് ഇംഗ്ലണ്ടിനു വേണ്ടി കളിക്കാമെന്നുമാണ് കമ്മീഷന്റെ തീരുമാനം. ഇരു താരങ്ങളും പിഴയടയ്ക്കുകയാണ് വേണ്ടതെന്നും കമ്മീഷന്‍ പറഞ്ഞു.
മുപ്പതിനായിരം ബ്രിട്ടീഷ് പൗണ്ടും എട്ട് മത്സരങ്ങളില്‍ വിലക്കുമാണ് സ്റ്റോക്സിനെതിരെ കമ്മീഷന്‍ വിധിച്ചത്. എന്നാല്‍ ഈ എട്ട് മത്സരങ്ങള്‍ നേരത്തെ തന്നെ താരത്തിനു നഷ്ടമായതിനാല്‍ താരം പിഴ മാത്രം അടച്ചാല്‍ മതിയാവും. ഹെയില്‍സിനെതിരെ 17500 പിഴയും ആറ് മത്സരങ്ങളില്‍ നിന്ന് വിലക്കുമാണ് വിധിച്ചിട്ടുള്ളത്.
ഹെയില്‍സിനു രണ്ട് മത്സരങ്ങളാണ് ഇതുവരെ നഷ്ടമായിട്ടുള്ളത്. ബാക്കി നാല് മത്സരങ്ങളും 10000 ബ്രിട്ടീഷ് പൗണ്ടും താരം എന്തെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടിയില്‍ ഇനി ഏര്‍പ്പെടുകയാണെങ്കില്‍ പ്രാബല്യത്തില്‍ വരുത്തുമെന്നും കമ്മീഷന്‍ അറിയിച്ചു.