നിലവിലെ ഓസ്ട്രേലിയയുടെ ക്യാപ്റ്റൻ ടിം പെയ്‌നിന്റെ കാലത്തിന് ശേഷം മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റനാക്കണമെന്ന് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. സ്റ്റീവ് സ്മിത്തിന് ഒരു അവസരം കൂടി നൽകണമെന്നതാണ് മുൻ ക്യാപ്റ്റൻ പോണ്ടിങ്ങിന്റെ അഭിപ്രായം. ടിം പെയ്ൻ എത്ര കാലം കളിക്കുന്നോ അതിനനുസരിച്ചാവും സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയൻ ക്യാപ്റ്റനാവുകയെന്നും പോണ്ടിങ് പറഞ്ഞു. ക്യാപ്റ്റന്റെ കാര്യത്തിൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷനാണ് തീരുമാനം എടുക്കേണ്ടതെന്നും പോണ്ടിങ് പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലെ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് സ്റ്റീവ് സ്മിത്തിനെ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. തുടർന്ന് ക്രിക്കറ്റിൽ ഒരു വർഷത്തെ വിലക്കും താരത്തിന് ഉണ്ടായിരുന്നു.
എന്നാൽ ഒരു വർഷത്തെ വിലക്ക് കഴിഞ്ഞ് ആഷസ് പരമ്പരയിൽ കളിയ്ക്കാൻ ഇറങ്ങിയ സ്റ്റീവ് സ്മിത്ത് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. നാല് ടെസ്റ്റുകൾ കളിച്ച സ്മിത്ത് 110.57 ആവറേജിൽ 774 റൺസ് നേടിയിരുന്നു. സ്റ്റീവ് സ്മിത്തിന് ക്രിക്കറ്റിൽ നിന്ന് ഒരു വർഷത്തെ വിലക്ക് കഴിഞ്ഞെങ്കിലും ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആവുന്നതിൽ നിന്ന് സ്മിത്തിന് രണ്ട് വർഷത്തെ വിലക്കാണ് നൽകിയിരുന്നത്. അത് പ്രകാരം അടുത്ത മാർച്ചിൽ മാത്രമാണ് സ്റ്റീവ് സ്മിത്തിന് ഓസ്ട്രേലിയയുടെ ക്യാപ്റ്റനാവാൻ സാധിക്കുകയുള്ളു.