ബംഗ്ലാദേശ് കോച്ചിംഗ് സ്ഥാനത്ത് നിന്ന് വിട പറഞ്ഞ് സ്റ്റീവ് റോഡ്സ്

കഴിഞ്ഞ വര്‍ഷം ജൂണില്‍ ബംഗ്ലാദേശിന്റെ കോച്ചായി ചുമതലയേറ്റ സ്റ്റീവ് റോഡ്സ് തല്‍സ്ഥാനം ഒഴിഞ്ഞു. റോഡ്സും ബോര്‍ഡും തമ്മില്‍ സംയുക്തമായ കൈക്കൊണ്ട തീരുമാനമാണ് ഇതെന്നാണ് അറിയുന്നത്. റോഡ്സ് 2020 ടി20 ലോകകപ്പ് വരെയായിരുന്നു ചുമതലയില്‍ തുടരേണ്ടിയിരുന്നതെങ്കിലും ലോകകപ്പില്‍ ബംഗ്ലാദേശിന് സെമിയില്‍ എത്തുവാന്‍ സാധിക്കാതിരുന്നതോടെ സ്ഥാനം ഒഴിയുകയായിരുന്നു.

എട്ടാം സ്ഥാനത്ത് മാത്രമാണ് ലോകകപ്പില്‍ ബംഗ്ലാദേശിന് അവസാനിക്കാനായതെങ്കിലും ശ്രദ്ധേയമായ പ്രകടനം തുടക്കത്തില്‍ പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നു. എന്നാല്‍ അവസാന രണ്ട് മത്സരങ്ങളില്‍ ഇന്ത്യയോടും പാക്കിസ്ഥാനോടും തോറ്റതോടെ ബംഗ്ലാദേശിന് എട്ടാം സ്ഥാനത്ത് എത്തുവാനെ സാധിച്ചുള്ളു.

റോഡ്സിനെ പുറത്താക്കുകയല്ലെന്നും ഇത് സംയുക്തമായ കൈക്കൊണ്ട ഒരു തീരുമാനമാണെന്ന് പറയാമെന്നുമാണ് ബംഗ്ലാദേശിന്റെ ചീഫ് എക്സിക്യൂട്ടീവ് നിസ്സാമുദ്ദീന്‍ ചൗധരി അഭിപ്രായപ്പെട്ടത്. ശ്രീലങ്കന്‍ പര്യടനത്തിന് ടീമിനൊപ്പം റോഡ്സുണ്ടാകില്ലെന്നും നിസ്സാമുദ്ദീന്‍ അറിയിച്ചു. റോഡ്സിന്റെ കീഴില്‍ ബംഗ്ലാദേശ് ഏഷ്യ കപ്പില്‍ രണ്ടാം സ്ഥാനക്കാരും വിന്‍ഡീസിനെതിരെ നാട്ടിലും വിന്‍ഡീസിലും പരമ്പര വിജയിക്കുക ചെയ്തിരുന്നു. കൂടാതെ ലോകകപ്പിന് മുമ്പ് വിന്‍ഡീസ് ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിലും ടീം വിജയം പ്രാപിച്ചു.

ലോകക്രിക്കറ്റില്‍ ഏത് വമ്പന്മാരെയും അട്ടിമറിയ്ക്കുവാന്‍ പോന്ന ടീമായി ബംഗ്ലാദേശ് ഉയര്‍ന്ന് വരുന്ന ഒരു ഘട്ടത്തിലാണ് സ്റ്റീവ് റോഡ്സ് പുറത്തേക്ക് പോകുന്നത്. ഏകദിനത്തില്‍ മികവ് പുലര്‍ത്തി മുന്നേറമ്പോളും ടീമിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനം മോശമായി തന്നെ തുടരുകയാണ്.