അവസാന ടി20യില്‍ ഓസ്ട്രേലിയയ്ക്ക് കരുത്തേകുവാന്‍ സ്റ്റാര്‍ക്ക് എത്തുന്നു

Sports Correspondent

ഇന്ത്യയ്ക്കെതിരെ അവസാന ടി20യില്‍ ഓസ്ട്രേലിയന്‍ ടീമിലേക്ക് മിച്ചല്‍ സ്റ്റാര്‍ക്ക് തിരികെ എത്തുന്നു. ബില്ലി സ്റ്റാന്‍ലേക്കിനു പകരക്കാരനെന്ന നിലയിലാണ് താരം ടീമിലേക്ക് എത്തുന്നത്. എന്നാല്‍ രണ്ടാം ടി20യില്‍ സ്റ്റാന്‍ലേക്ക് പകരം ടീമിലെത്തിയ നഥാന്‍ കോള്‍ട്ടര്‍-നൈല്‍ ഇതോടെ സിഡ്നിയില്‍ കളിക്കില്ലെന്ന് വേണം മനസ്സിലാക്കുവാന്‍.

സ്റ്റാന്‍ലേക്ക് പരിശീലനത്തിനിടെ പരിക്കേറ്റതോടെയാണ് ടീമിനു പുറത്ത് പോകുന്നത്. സ്റ്റാര്‍ക്ക് 2016ലാണ് അവസാനമായി അന്താരാഷ്ട്ര ടി20 മത്സരം കളിക്കുന്നത്.

പരമ്പരയിലെ ആദ്യ മത്സരം ഓസ്ട്രേലിയ ജയിച്ചപ്പോള്‍ രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. സിഡ്നിയില്‍ നവംബര്‍ 25നു ആണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമേ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തുവാനാകുള്ളു.