ഡിസംബറിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടക്കാനിരിക്കുന്ന ശ്രീലങ്കയുടെ പാകിസ്ഥാൻ പര്യടനം പുനഃപരിശോധിക്കുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനത്തിൽ പര്യടനം നടത്തി ശ്രീലങ്കൻ ടീം തിരിച്ച് നാട്ടിലെത്തിയത്. സുരക്ഷാ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ശ്രീലങ്ക പരമ്പര പൂർത്തിയാക്കുകയും ചെയ്തിരുന്നു.
എന്നാൽ താരങ്ങൾ സുരക്ഷാ കാരണം പറഞ്ഞ് മൂന്ന് നാല് ദിവസം തുടർച്ചയായി ഹോട്ടൽ റൂമിൽ തന്നെ നിൽക്കേണ്ടി വരുന്നുണ്ടെന്നും അത് കൊണ്ട് പരമ്പരയുടെ കാര്യം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പുനഃപരിശോധിക്കുമെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് ഷമ്മി സിൽവ വ്യക്തമാക്കി. നിലവിൽ ടീം മാനേജർക്കും ഇതേ അഭിപ്രായമാണ് ഉള്ളത്.
ഹോട്ടൽ റൂമിന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തെ പറ്റി ശ്രീലങ്കൻ കളിക്കാരുമായും സപ്പോർട്ടിങ് സ്റ്റാഫുമായും ചർച്ചകൾ നടത്തേണ്ടതുണ്ടെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് പറഞ്ഞു. ഏകദിന മത്സരങ്ങൾക്കും ടി20 മത്സരങ്ങളും 5 ദിവസം ഗ്രൗണ്ടിൽ പോയാൽ മതിയെന്നും എന്നാൽ ടെസ്റ്റ് മത്സരങ്ങൾക്ക് 15 ദിവസം ഗ്രൗണ്ടിൽ പോവണമെന്നും സിൽവ പറഞ്ഞു. സന്നാഹ മത്സരങ്ങൾ ഇല്ലാതെ ടെസ്റ്റ് കളിക്കാൻ പറ്റില്ലെന്നും അതുകൊണ്ട് തന്നെ പര്യടനം പുനഃപരിശോധിക്കുമെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് പ്രസിഡണ്ട് വ്യക്തമാക്കിയത്.