ജൂണ്‍ ഒന്ന് മുതല്‍ 13 ദേശീയ താരങ്ങള്‍ ഉള്‍പ്പെടുന്ന സംഘത്തിന് 12 ദിവസത്തെ റെസിഡന്‍ഷ്യല്‍ ക്യാംപ് ഉണ്ടാകുമെന്ന് അറിയിച്ച് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. വിവിധ ഫോര്‍മാറ്റുകളിലെ ബൗളര്‍മാരാണ് ആദ്യ സംഘത്തിലുള്ളത്. ഈ താരങ്ങള്‍ പരിശീലനത്തില്‍ കൊളംബോ ക്രിക്കറ്റ് ക്ലബ്ബില്‍ ആവും ഏര്‍പ്പെടുക. പരിശീലന കാലഘട്ടത്തില്‍ പൂര്‍ണ്ണമായും ഹോട്ടലുകളിലാവും ഇവര്‍ താമസിക്കേണ്ടത്.
ജൂണ്‍ 1ന് ഹോട്ടലിലെ ഫിറ്റ്നെസ്സ് ട്രെയിനിംഗ് സൗകര്യങ്ങള്‍ ഉപയോഗിച്ച് തുടങ്ങുന്ന താരങ്ങള്‍ ജൂണ്‍ 2 മുതല്‍ ഗ്രൗണ്ടില്‍ പരിശീലനം ആരംഭിക്കും. കളിക്കാരുടെ സംഘത്തിനൊപ്പം 4 അംഗ കോച്ചിംഗ് സ്റ്റാഫുകളും ഉണ്ടാകും. സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാവും ഈ പരിശീലന പരിപാടിയെന്നും ലങ്കന്‍ ബോര്‍ഡ് വ്യക്തമാക്കി.
പരിശീലന സമയത്ത് യാത്രയ്ക്കായി അണുവിമുക്തമാക്കിയ വാഹനങ്ങളാവും ഉപയോഗിക്കുക എന്നും ബോര്‍ഡ് വ്യക്തമാക്കി. ഈ കാലഘട്ടത്തില്‍ താരങ്ങള്‍ക്ക് വ്യക്തിപരമായ ആവശ്യത്തിനായി ഹോട്ടലില്‍ നിന്നോ പരിശീലന സ്ഥലത്ത് നിന്നോ പോകുവാന്‍ അനുവദിക്കുകയില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.
ഹോട്ടലും പരിശീലന സ്ഥലവും മെഡിക്കല്‍ സംഘം എത്തി മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കി കഴിഞ്ഞതാണെന്നും ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.