2026-ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം തന്നെ അമ്പരപ്പിച്ചുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത്. ഇന്ത്യയുടെ ഭാവി നായകനായി ഉയർത്തിക്കാട്ടുകയും വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകുകയും ചെയ്ത ശേഷം ഗില്ലിനെ ടീമിൽ നിന്ന് പൂർണ്ണമായും മാറ്റിയത് അപ്രതീക്ഷിതമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും പ്രകടനത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള അജിത് അഗാർക്കറുടെയും സംഘത്തിന്റെയും തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു.

“ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഗില്ലിനെ ടീമിൽ നിന്ന് ഒഴിവാക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അടുത്തിടെ നടന്ന ഓസ്‌ട്രേലിയൻ പര്യടനത്തിൽ പോലും അദ്ദേഹമായിരുന്നു വൈസ് ക്യാപ്റ്റൻ. എന്നാൽ നിലവിലെ ഫോം പരിഗണിക്കുമ്പോൾ ഇത് ധീരമായ ഒരു സെലക്ഷനാണ്. അജിത് അഗാർക്കർക്കും ടീമിനും അഭിനന്ദനങ്ങൾ,” ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
മികച്ച ഫോമിലുള്ള ഇഷാൻ കിഷൻ, സഞ്ജു സാംസൺ, അഭിഷേക് ശർമ്മ എന്നിവരെ ഉൾപ്പെടുത്തിയത് ടീമിന് ഗുണകരമാകുമെന്നും ഗില്ലിന്റെ സ്ട്രൈക്ക് റേറ്റ് ടി20 ഫോർമാറ്റിൽ വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിക്കറ്റ് കീപ്പർ ബാറ്റർമാരെ മുൻനിരയിൽ ഉൾപ്പെടുത്താനുള്ള മാനേജ്‌മെന്റ് തീരുമാനത്തെ അദ്ദേഹം പൂർണ്ണമായും പിന്തുണച്ചു.









