ടെസ്റ്റിൽ 100 വിക്കറ്റ് നേടി കരിയർ അവസാനിപ്പിക്കാനാണ് തന്റെ ശ്രമമെന്ന് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്. കോഴ വിവാദത്തെ തുടർന്ന് ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവന്ത വിലക്ക് 7 വർഷമായി കുറച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു താരം. ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി 27 മത്സരങ്ങൾ കളിച്ച ശ്രീശാന്ത് 87 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. പുതിയ ബി.സി.സി.ഐ തീരുമാന പ്രകാരം ശ്രീശാന്തിന്റെ വിലക്ക് 2020 സെപ്റ്റംബറോട് കൂടി അവസാനിക്കും.
“വിലക്ക് അവസാനിച്ചതിൽ വളരെയധികം സന്തോഷം ഉണ്ട്. തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കെല്ലാം നന്ദി പറയുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചിരിക്കുന്നു. ഇപ്പോൾ തനിക്ക് 36 വയസ്സ് ആയെന്നും അടുത്ത വർഷം തനിക്ക് 37 വയസ്സവും. ടെസ്റ്റിൽ തനിക്ക് 87 വിക്കറ്റുകൾ ഉണ്ട്. ടെസ്റ്റിൽ 100 വിക്കറ്റ് തികച്ച് കരിയർ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. തനിക്ക് ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്താൻ സാധിക്കുമെന്നാണ് കരുതുന്നത്. തനിക്ക് വിരാട് കോഹ്‌ലിക്ക് കീഴിൽ കളിക്കുകയും വേണം” ശ്രീശാന്ത് പറഞ്ഞു.
ടെസ്റ്റിൽ 87 വിക്കറ്റ് നേടിയ ശ്രീശാന്ത് 53 ഏകദിന മത്സരങ്ങളിൽ നിന്ന് 75 വിക്കറ്റും നേടിയിട്ടുണ്ട്.