ബി.സി.സി.ഐ ഏർപെടുത്തിയ 7 വർഷത്തെ വിലക്ക് കഴിഞ്ഞ് ചെന്നൈ ലീഗിലൂടെ ക്രിക്കറ്റിലേക്ക് മടങ്ങി വരാൻ മലയാളി ഫാസ്റ്റ് ബൗളർ ശ്രീശാന്തിന്റെ ശ്രമം. ഐ.പി.എല്ലിൽ വാതുവെപ്പ് നടത്തിയതിന്റെ പേരിൽ ലഭിച്ച 7 വർഷത്തെ വിലക്ക് ഈ സെപ്റ്റംബറിൽ അവസാനിക്കാനിരിക്കെയാണ് ചെന്നൈ ലീഗിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ശ്രീശാന്ത് ശ്രമിക്കുന്നത്.
നേരത്തെ ചെന്നൈയിലാണ് ശ്രീശാന്ത് തന്റെ ബൗളിംഗ് കഴിവ് മിനുക്കിയെടുത്തത്. ചെന്നൈയെ കുറിച്ച് തനിക്ക് നല്ല ഓർമ്മകളാണ് ഉള്ളതെന്നും ഡെന്നിസ് ലില്ലിക്ക് കീഴിലും ടി.എ ശേഖറിന് കീഴിലുമാണ് താൻ ബൗളിംഗ് പഠിച്ചതെന്നും ശ്രീശാന്ത് പറഞ്ഞു. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ കളിച്ചതിന്റെ നല്ല ഓർമ്മകൾ തന്റെ മനസ്സിലുണ്ടെന്നും വീണ്ടും ചെന്നൈ ലീഗിൽ കളിക്കാൻ ആഗ്രഹം ഉണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.
നേരത്തെ ചെന്നൈ ലീഗിൽ ഗ്ലോബ് ട്രോറ്റേഴ്സിന്റെ താരമായിരുന്ന ശ്രീശാന്ത് നിലവിൽ ചെന്നൈ ലീഗിലെ ഏതു ടീമിലും കളിക്കാൻ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ ബി.സി.സി.ഐയുടെ വിലക്ക് കഴിഞ്ഞാൽ ശ്രീശാന്തിനെ കേരള രഞ്ജി ടീമിലേക്ക് പരിഗണിക്കുമെന്ന് പരിശീലകൻ ടിനു യോഹന്നാൻ വ്യക്തമാക്കിയിരുന്നു.