രോഹിത് ശര്‍മ്മ ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണെന്നും പ്രത്യേകതകള്‍ ഏറെയുള്ള താരമാണെന്നും എന്നാല്‍ ടെസ്റ്റ് മത്സരത്തില്‍ അവസരം ലഭിയ്ക്കാത്തത് ഏറെ കഠിനമായ കാര്യമാണെന്ന് പറഞ്ഞ് അജിങ്ക്യ രഹാനെ. ഏകദിനത്തിലെ ഉപനായകന്‍ രോഹിത് ശര്‍മ്മയ്ക്ക് അജിങ്ക്യ രഹാനെയ്ക്ക് പകരം അവസരം നല്‍കണമെന്ന് ഒരു വശത്ത് മുറവിളി ഉയരുന്നതിനിടയിലാണ് ആന്റിഗ്വ ടെസ്റ്റില്‍ രഹാനെ ഇരു ഇന്നിംഗ്സുകളിലും മികച്ച പ്രകടനം പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്സില്‍ നിര്‍ണ്ണായക ഘട്ടത്തില്‍ ക്രീസിലെത്തി 81 റണ്‍സ് നേടിയ രഹാനെ രണ്ടാം ഇന്നിംഗ്സില്‍ 102 റണ്‍സുമായി തന്റെ പത്താം ശതകം പൂര്‍ത്തിയാക്കി.
രോഹിത്തിനെ മധ്യ നിരയിലേക്ക് പരിഗണിക്കുക ഇപ്പോള്‍ പ്രയാസമേറിയ കാര്യമായി മാറിയിരിക്കുകയാണ്. ടീമിലെത്തിയ ഹനുമ വിഹാരിയും മികച്ച ബാറ്റിംഗ് പുറത്തെടുത്തതോടെ രോഹിത്തിന് ഇന്ത്യയുടെ ടെസ്റ്റ് മധ്യനിരയില്‍ അവസരം നിഷേധിക്കപ്പെടുകയാണ് ഇപ്പോള്‍. താരത്തെ ഇന്ത്യ ഓപ്പണിംഗിലേക്ക് പരിഗണിക്കണമെന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ടെങ്കിലും മയാംഗ് അഗര്‍വാളിന് കൂടുതല്‍ അവസരം ലഭിയ്ക്കുവാനാണ് സാധ്യത. പൃഥ്വി ഷാ തന്റെ വിലക്ക് മാറി വന്നാല്‍ ഓപ്പണിംഗ് സ്ഥാനത്തേക്ക് താരം വീണ്ടും പരിഗണിക്കപ്പെടുമെന്നതിനാല്‍ രോഹിത്തിന് അവിടെയും അവസരം ശ്രമകരം തന്നെയാണെന്ന് പറയാം.
മയാംഗ് ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് രോഹിത്തിന് ഓപ്പണറായി ഇന്ത്യ അവസരം നല്‍കുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.