സൗത്ത് ആഫ്രിക്ക വനിതകൾക്കെതിരെയുള്ള ആറാം ടി20 മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ തോൽവി. 105 റൺസിനാണ് സൗത്ത് ആഫ്രിക്കൻ വനിതകൾ ഇന്ത്യയെ തോൽപ്പിച്ചത്. ടി20 ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണ് ഇത്. ആറ് മത്സരങ്ങൾ ഉള്ള പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 3 വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് എടുത്തത്. സൗത്ത് ആഫ്രിക്കക്ക് വേണ്ടി 47 പന്തിൽ 84 റൺസ് എടുത്ത ലിസെല്ലേ ലീയും 56 പന്തിൽ 62 റൺസ് എടുത്ത ക്യാപ്റ്റൻ സുനെ ലൂസും എടുത്ത് പുറത്തായി. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 144 റൺസാണ് കൂട്ടിച്ചേർത്തത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ വെറും 70 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ഇന്ത്യൻ നിരയിൽ 26 റൺസ് എടുത്ത വേദ കൃഷ്ണമൂർത്തിയും 22 റൺസ് എടുത്ത അരുന്ധതി റെഢിയുമാണ് ഇന്ത്യൻ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ഇന്ത്യൻ നിരയിൽ വേറെ ഒരാൾക്കും രണ്ടക്കം കടക്കാനായിരുന്നില്ല. ഒരു ഘട്ടത്തിൽ ഇന്ത്യ 13 റൺസിന് 6 വിക്കറ്റ് നഷ്ട്ടപെട്ട നിലയിലായിരുന്നു.