ടെസ്റ്റ് ക്രിക്കറ്റില്‍ അധികം റണ്‍സ് നേടുവാന്‍ ഗാംഗുലിയ്ക്ക് കഴിയാതെ പോയതിന്റെ കാരണവുമായി മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെംഗ്സര്‍ക്കാര്‍. സൗരവ് ഗാംഗുലി ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങിയിരുന്നുവെങ്കില്‍ താരം ഇതിലും അധികം റണ്‍സ് നേടുമായിരുന്നുവെന്നാണ് ദിലീപ് വെംഗ്സര്‍ക്കാര്‍ പറയുന്നത്.
2005ല്‍ ദേശീയ ടീമില്‍ നിന്ന് പുറത്ത് പോയ ഗാംഗുലിയെ അന്നത്തെ മുഖ്യ സെലക്ടര്‍ ആയ ദിലീപ് വെംഗ്സര്‍ക്കാര്‍ ആണ് തിരികെ ടീമിലേക്ക് എത്തിച്ചത്. ഏകദിനത്തില്‍ പതിനായിരത്തിലധികം റണ്‍സ് നേടിയ ഗാംഗുലി സച്ചിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമായിരുന്നു.
ഇപ്പോളും സച്ചിനും വിരാട് കോഹ്‍ലിക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയ്ക്കായുള്ള ഏകദിനത്തിലെ റണ്‍ വേട്ടയില്‍ ഗാംഗുലിയുടെ സ്ഥാനം. 113 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഗാംഗുലിയ്ക്ക് 7212 റണ്‍സാണ് നേടാനായത്. 16 ശതകങ്ങള്‍ ഗാംഗുലി ടെസ്റ്റില്‍ നേടിയിട്ടും ഉണ്ട്. എന്നാല്‍ ബാറ്രിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങിയിരുന്നുവെങ്കില്‍ താരം ഇതിലും കൂടുതല്‍ റണ്‍സ് നേടിയെനെ എന്നാണ് വെംഗ്സര്‍ക്കാര്‍ പറയുന്നത്.