ഗാംഗുലിയുടെ ബ്രിസ്ബെയിനിലെ ഇന്നിംഗ്സ് ക്ലാസ് ആക്ട് – ദിലീപ് വെംഗ്സര്‍ക്കാര്‍

സൗരവ് ഗാംഗുലിയുടെ തന്റെ ഏറ്റവും പ്രിയപ്പെട്ട ടെസ്റ്റ് ഇന്നിംഗ്സ് ബ്രിസ്ബെയിനില്‍ ഓസ്ട്രേലിയയ്ക്കെതിരെയുള്ളതാണെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെംഗ്സര്‍ക്കാര്‍. 2003ലെ ടെസ്റ്റ് മത്സരത്തില്‍ വളരെ പ്രയാസമേറിയ വിക്കറ്റില്‍ കരുത്തുറ്റ ബൗളിംഗ് നിരയ്ക്കെതിരെയാണ് താരം പൊരുതി നിന്നതെന്ന് വെംഗ്സര്‍ക്കാര്‍ വ്യക്തമാക്കി. ടെസ്റ്റ് ഫോര്‍മാറ്റിലെ ഗാംഗുലിയുടെ ഏറ്റവും മികച്ച ഇന്നിംഗ്സാണ് അതെന്ന് വെംഗ്സര്‍ക്കാര്‍ പറഞ്ഞു.

കരിയറിന്റെ തുടക്കത്തില്‍ മൂന്നാം നമ്പറില്‍ ടെസ്റ്റില്‍ ഇറങ്ങിയിരുന്ന ഗാംഗുലി ലോര്‍ഡ്സിലും നോട്ടിംഗാമിലും തന്റെ ആദ്യ രണ്ട് മത്സരങ്ങളില്‍ തന്നെ ശതകം നേടിയിരുന്നു. പിന്നീട് സൗരവ് ഗാംഗുലി രാഹുല്‍ ദ്രാവിഡിന് വേണ്ടി മൂന്നാം നമ്പര്‍ വിട്ട് നല്‍കുകയായിരുന്നു.

അതിന് ശേഷം താരം അഞ്ചാം നമ്പറിലും ആറാം നമ്പറിലുമായാണ് കരിയറില്‍ ഭൂരിഭാഗവും ബാറ്റ് വീശിയത്. സ്പിന്നിനെതിരെ മികച്ച രീതിയില്‍ കളിക്കാനാകുന്ന താരമാണ് ഗാംഗുലിയെന്നും ക്രിക്കറ്റിന്റെ മികച്ച ശിഷ്യനാണ് ഗാംഗുലിയെന്ന് താന്‍ പറയുമെന്നും വെംഗ്സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.