ഇന്ത്യൻ ടീമിൻ്റെ ഭാഗമാകുക എന്നത് തൻ്റെ എക്കാലത്തെയും സ്വപ്നമായിരുന്നു എന്ന് സ്പിന്നർ സൗരഭ് കുമാർ പറഞ്ഞു. ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടെസ്റ്റിനായുള്ള ടീമിൽ തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു സൗരഭ്. ഇടങ്കയ്യൻ സ്പിന്നർ ഇന്ത്യയിലെ ആഭ്യന്തര സർക്യൂട്ടിൽ എറെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ്.
പരിക്ക് കാരണം കെഎൽ രാഹുലും രവീന്ദ്ര ജഡേജയും പരിക്കുമൂലം പുറത്തായതിന് പിന്നാലെയാണ് സൗരഭ് ടീമിലേക്ക് എത്തുന്നത്.
‘ഇന്ത്യൻ ടീമിൻ്റെ ഭാഗമാകുക എന്നത് എക്കാലത്തെയും സ്വപ്നമാണ്. ഏത് ക്രിക്കറ്റ് കളിക്കാരനാണ് അത് ആഗ്രഹിക്കാത്തത്? അതിനായി ഒരുപാട് കാര്യങ്ങൾ ഒത്തുചേരേണ്ടതുണ്ട്.” കുമാർ പറഞ്ഞു. ഇന്ത്യൻ ക്യാമ്പിൽ എത്തുന്നത് കൂടുതൽ പഠിക്കാൻ തന്നെ സഹായിക്കും എന്നും സൗരഭ് പറഞ്ഞു.
“എല്ലാ ദിവസവും നിങ്ങൾക്ക് ഒരു വിരാട് കോഹ്‌ലിക്കോ രോഹിത് ശർമ്മക്കോ എതിരെ ബൗൾ ചെയ്യാൻ അവസരം ലഭിക്കുകയില്ല. അതിനാൽ, അവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും അവരുടെ കളിയെയും അവരുടെ മറ്റ് ദിനചര്യകളെയും അവർ എങ്ങനെ സമീപിക്കുന്നുവെന്ന് പഠിക്കാനുമുള്ള അവസരമായിരുന്നു അത്. ചില മുൻനിര കളിക്കാർക്ക് പന്തെറിയുന്നതും അവരുമായി ഇടപഴകുന്നതും മികച്ച അനുഭവമായിരുന്നു. അവരിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടായിരുന്നു,” സൗരഭ് മുമ്പ് ഇന്ത്യയുടെ ക്യാമ്പിൽ എത്തിയപ്പോൾ ഉള്ള അനുഭവത്തെ കുറിച്ച് പറഞ്ഞു.