ബംഗ്ലാദേശ് ടീമില്‍ സ്ഥിരം സ്ഥാനം വേണമെങ്കില്‍ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ സൗമ്യ സര്‍ക്കാര്‍ തന്റെ കളി മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട് ബംഗ്ലാദേശ് മുഖ്യ സെലക്ടര്‍ മിന്‍ഹാജുല്‍ അബേദിന്‍. സൗമ്യ സര്‍ക്കാരിന്റെ ഫോം ഇപ്പോള്‍ തലവേദന സൃഷ്ടിക്കുന്ന ഒന്നാണെന്ന് അഭിപ്രായപ്പെട്ട മിന്‍ഹാജുല്‍ താരത്തിനു ഇനി അധികം അവസരം ലഭിച്ചേക്കില്ലെന്ന സൂചന നല്‍കി.
ഈ വര്‍ഷം ടി20യില്‍ ഇതു വരെ 138 റണ്‍സാണ് താരം നേടിയിട്ടുള്ളത്. 11.50 ആവറേജിലാണ് താരത്തിന്റെ ഈ വര്‍ഷത്തെ ടി20 സ്കോറിംഗ്. ബംഗ്ലാദേശിന്റെ വിന്‍ഡീസിനെതിരെയുള്ള പരമ്പരയില്‍ 0, 14, 5 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്കോര്‍. താരത്തിനു അവസാന മത്സരത്തില്‍ ടീമില്‍ ഇടം പിടിച്ചത് അവസാന നിമിഷത്തെ തീരുമാനമായിരുന്നുവെന്നും മിന്‍ഹാജ് പറഞ്ഞു.
താരത്തിനെ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്നത് ഞങ്ങള്‍ കോച്ചുമായി സംസാരിച്ചിരുന്നു അതിനു ശേഷം അവസാന നിമിഷമാണ് ഈ തീരുമാനം എുടുത്തത്. ഷാക്കിബിനു താരത്തിനെ ടീമിലെടുക്കണമെന്നുണ്ടായിരുന്നു, അത് വിജയം നേടിയ ടീം മാറ്റേണ്ടതില്ലെന്നുള്ള ചിന്തയായിരുന്നിരിക്കാം. എന്നാല്‍ ഫോമിലില്ലാത്തൊരു താരത്തെ അധിക കാലം ടീമില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് മിന്‍ഹാജുല്‍ മുന്നറിയിപ്പ് നല്‍കി.
ഈ ഒരു കാരണം കൊണ്ട് മാത്രമാണ് താര്തതിനെ ബംഗ്ലാദേശ് എ ടീമില്‍ ഉള്‍പ്പെടുത്തി ഫോം വീണ്ടെടുക്കുവാനുള്ള അവസരം നല്‍കിയിരിക്കുന്നത്. അവിടെയും സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കില്‍ ഇനിയൊരു തിരിച്ചുവരവ് സൗമ്യ സര്‍ക്കാരിനു പ്രയാസകരമാകുമെന്നും ബംഗ്ലാദേശ് മുഖ്യ സെലക്ടര്‍ സൂചിപ്പിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial