കറാച്ചി ടെസ്റ്റിൽ പാക്കിസ്ഥാന്‍ അഞ്ചാം ദിവസം 311/8 എന്ന നിലയിൽ നിൽക്കുമ്പോളാണ് ബാബര്‍ അസമിന്റെ അപ്രതീക്ഷിത ഡിക്ലറേഷന്‍ വന്നത്. പാക്കിസ്ഥാന്‍ മത്സരത്തെ സമനിലയിലേക്ക് കൊണ്ടെത്തിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് 15 ഓവറിൽ 137 റൺസെന്ന ലക്ഷ്യം ന്യൂസിലാണ്ടിന് മുന്നിൽ പാക്കിസ്ഥാന്‍ വെച്ചത്.
മൈക്കൽ ബ്രേസ്വെല്ലിനെ ആദ്യ ഓവറിൽ നഷ്ടമായ ന്യൂസിലാണ്ടിനെ അതിവേഗ സ്കോറിംഗുമായി ഡെവൺ കോൺവേയും ടോം ലാഥവും മുന്നോട്ട് നയിച്ചുവെങ്കിലും 8ാം ഓവറിൽ പേസര്‍മാരെ രംഗത്തെത്തിച്ചതോടെ മോശം വെളിച്ചം കാരണം കളി നിര്‍ത്തുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
സൗദ് ഷക്കിൽ 55 റൺസുമായി ക്രീസിൽ നിൽക്കുമ്പോളായിരുന്നു പാക്കിസ്ഥാന്റെ ഡിക്ലറേഷന്‍. താരത്തിന് അതിൽ വലിയ ആശ്ചര്യം ഉണ്ടായിരുന്നുവെന്നാണ് പാക്കിസ്ഥാന്‍ നായകന്‍ അഭിപ്രായപ്പെട്ടത്. അദ്ദേഹം സമനിലയ്ക്കാണ് ടീം ശ്രമിക്കുന്നതെന്നാണ് കരുതിയത്. എന്നാൽ ഞങ്ങള്‍ വിജയത്തിനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹത്തോട് താന്‍ പറഞ്ഞുവെന്നും ബാബര്‍ പറഞ്ഞു.
എട്ടാം വിക്കറ്റിൽ സൗദും മൊഹമ്മദ് വസീം ജൂനിയറും ചേര്‍ന്ന് നേടിയ 71 റൺസ് കൂട്ടുകെട്ട് ആണ് പാക്കിസ്ഥാനെ സുരക്ഷിതരാക്കിയതെന്നും അതിനാലാണ് റിസ്ക് എടുക്കുകയെന്ന് ധീരമായ തീരുമാനത്തിലേക്ക് പാക്കിസ്ഥാന്‍ പോയതെന്നും ബാബര്‍ പറഞ്ഞു.