അന്താരാഷ്ട്ര മത്സരങ്ങളിൽ തുടർച്ചയായ സ്ലോ ഓവർ റേറ്റിന്റെ പേരിൽ ടീം ക്യാപ്റ്റന്മാരെ വിലക്കുന്ന നിയമത്തിൽ മാറ്റം വരുത്തി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. ഓഗസ്റ്റ് 1ന് തുടങ്ങുന്ന വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ്പോടെയാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുക. പുതിയ നിയമ പ്രകാരം സ്ഥിരമായി സ്ലോ ഓവർ റേറ്റിന്റെ പേരിൽ ക്യാപ്റ്റന് വിലക്ക് ഏർപ്പെടുത്തുന്നതിന് പകരം ടീമിന് മൊത്തം പിഴ ഈടാക്കാനാണ് ഐ.സി.സി പുതിയ നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. പിഴക്ക് പുറമെ ടീമിന്റെ പോയിന്റ് കുറക്കാനും പുതിയ നിയമ പ്രകാരം സാധ്യമാവും.
ടീമിലെ എല്ലാ താരങ്ങൾക്കും സ്ലോ ഓവർ റേറ്റിന്റെ പേരിൽ തുല്ല്യ ഉത്തരവാദിത്തം ഇതോടെ ഉണ്ടാവും. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒരു ടെസ്റ്റിന് ശേഷം ടീം ആവശ്യമായ ഓവർ റേറ്റിന് പിറകിൽ ആണെങ്കിൽ രണ്ടു പോയിന്റുകൾ കുറക്കാനാണ് ഐ.സി.സി തീരുമാനം. ഓഗസ്റ്റ് 1ന് തുടങ്ങുന്ന ആഷസ് പരമ്പരയാണ് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരം.