ഗോൾ, സെപ്‌റ്റംബർ 28: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡ് പരാജയത്തിലേക്ക് അടുക്കുകയാണ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ന്യൂസിലൻഡ് രണ്ടാം ഇന്നിങ്സിൽ 199-5 എന്ന നിലയിൽ ആണ് ഉള്ളത്. ഇപ്പോഴും അവർ ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 315 റൺസിന് പിറകിലാണ്.
47 റൺസുമായി ബ്ലണ്ടലും 32 റൺസുമായി ഗ്ലെൻ ഫിലിപ്സും ആണ് ഇപ്പോൾ ക്രീസിൽ ഉള്ളത്. 61 റൺസ് എടുത്ത കോണ്വേ, 46 റൺസ് എടുത്ത കെയ്ൻ വില്യംസൺ, 12 റൺസ് എടുത്ത രചിൻ രവീന്ദ്ര, മിച്ചൽ 1, ലാഥം 0 എന്നിവരുടെ വിക്കറ്റാണ് ന്യൂസിലൻഡിന് രണ്ടാം ഇന്നിങ്സിൽ നഷ്ടമായത്.
രണ്ടാം ഇന്നിങ്സിൽ നിഷാൻ പെരിസ് 3 വിക്കറ്റും പ്രഭാത് ജയസൂര്യയും ധനഞ്ചയയ്യ്ം 1 വിക്കറ്റുവീതവും വീഴ്ത്തി.
നേരത്തെ ഇന്ന് രാവിലെ 22/2 എന്ന നിലയിൽ മൂന്നാം ദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ബ്ലാക്ക്‌ക്യാപ്‌സ്, ആദ്യ സെഷനിൽ 66 റൺസ് എടുക്കുന്നതിനിടയിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി. ശ്രീലങ്കയ്‌ക്കെതിരായ അവരുടെ എക്കാലത്തെയും കുറഞ്ഞ സ്‌കോറായിരുന്നു ഇത്.
ശ്രീലങ്ക രണ്ടാം ദിനം വൈകി ഇന്നിംഗ്സ് ഡിക്ലയർ ചെയ്തിരുന്നു. ഇടങ്കയ്യൻ സ്പിന്നർ പ്രഭാത് ജയസൂര്യ ഒരിക്കൽക്കൂടി തിളങ്ങി. ജയസൂര്യ 42 റൺസിന് ആറ് വിക്കറ്റ് വീഴ്ത്തി, വെറും 16 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഒമ്പതാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് അദ്ദേഹം നേടുന്നത്. നിഷാൻ പീരിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പിന്തുണ നൽകി.
ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായാണ് ന്യൂസിലൻഡ് 100ൽ താഴെ റൺസിന് ശ്രീലങ്കയോട് പുറത്താകുന്നത്. കെയ്ൻ വില്യംസണും ഡെവൺ കോൺവേയും ഉൾപ്പെടെയുള്ള അവരുടെ ടോപ്പ് ഓർഡർ ജയസൂര്യയുടെ സ്പിന്നിനെ ചെറുക്കാൻ പാടുപെട്ടു, ബാറ്റർമാരാരും കാര്യമായ സ്കോറുകളിൽ എത്തിയില്ല. 51 പന്തിൽ 29 റൺസ് നേടിയ മിച്ചൽ സാൻ്റ്നർ മാത്രമാണ് ചെറുത്തുനിൽപ്പ് നടത്തിയത്.