വിന്‍ഡീസിനെതിരെ തനിക്ക് ലഭിച്ച അവസരം ഇരു കൈയ്യും നീട്ടി സ്വീകരിച്ച് 71 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യര്‍ താന്‍ മത്സരത്തില്‍ വലിയ റിസ്ക് എടുക്കില്ലെന്ന് ആദ്യമേ തീരുമാനിച്ചിരുന്നതാണെന്ന് വ്യക്തമാക്കി. താന്‍ മികച്ച ഫോമിലാണ് കളിക്കുന്നതെന്ന് തനിക്ക് അറിയാമായിരുന്നു. ഇന്ത്യ എ യ്ക്ക് വേണ്ടി ഈ ഗ്രൗണ്ടിലെല്ലാം താന്‍ കളിച്ചിരുന്നതാണെന്നും അതിനാല്‍ തന്നെ തനിക്ക് തന്റെ ഇന്നിംഗ്സ് മികച്ച രീതിയില്‍ പടുത്തുയര്‍ത്തുവാനും സാധിച്ചുവെന്ന് ശ്രേയസ്സ് പറഞ്ഞു.
ക്രീസിലെത്തിയപ്പോള്‍ വിരാട് തന്നോട് പാര്‍ട്ണര്‍ഷിപ്പുകള്‍ നേടി ഇന്നിംഗ്സ് അവസാനം വരെ കൊണ്ടു ചെല്ലേണ്ടതുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. 250 മികച്ച സ്കോറായിരിക്കുമെന്നാണ് ആ ഘട്ടത്തില്‍ ഞങ്ങള്‍ മനസ്സിലാക്കിയത്. ഞങ്ങള്‍ക്ക് 30 റണ്‍സോളം അധികം നേടുവാനും സാധിച്ചു. വിരാട് തനിക്ക് മികച്ച പിന്തുണയാണ് നല്‍കിയത്. സിംഗിളുകളും ഡബിളുകളും നേടിയ കൂട്ടുകെട്ട് ആവശ്യ സമയത്ത് ബൗണ്ടറിയും നേടിയിരുന്നുവെന്ന് ശ്രേയസ്സ് വ്യക്തമാക്കി.
തന്നോട് 45ാം ഓവര്‍ വരെ ബാറ്റ് ചെയ്യുവാനാണ് വിരാട് ആവശ്യപ്പെട്ടത്. അതിന് തനിക്ക് സാധിച്ചുവെന്നതില്‍ വളരെ സന്തോഷമുണ്ടെന്നും ശ്രേയസ്സ് അയ്യര്‍ സൂചിപ്പിച്ചു. ടീമിന് വേണ്ടി മികച്ച രീതിയില്‍ കളിച്ച് ടീമിന്റെ ഭാഗമായി കുറച്ച് നാള്‍ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും ശ്രേയസ്സ് അയ്യര്‍ വ്യക്തമാക്കി.