അരങ്ങേറ്റ ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ശതകവും മാന്‍ ഓഫ് ദി മാച്ച് പട്ടവും സ്വന്തമാക്കി പൃഥ്വി ഷായ്ക്ക് ഉപദേശവുമായി മുന്‍ നായകന്‍ അസ്ഹറുദ്ദീന്‍. പൃഥ്വി ഷാ ഒരിക്കലും ഇപ്പോള്‍ നടക്കുന്ന താരതമ്യങ്ങളെ ഗൗനിക്കരുതെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്റെ അഭിപ്രായം. വിരേന്ദര്‍ സേവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുമായുള്ള താരതമ്യമാണ് ഇപ്പോള്‍ പൃഥ്വിയെ വെച്ച് ആരാധകര്‍ നടത്തുന്നത്. എന്നാല്‍ ഇതിലൊന്നും ശ്രദ്ധിക്കാതെ തന്നെ ബാറ്റിംഗില്‍ മാത്രമാണ് പൃഥ്വി ശ്രദ്ധിക്കേണ്ടതെന്ന് അസ്ഹര്‍ പറഞ്ഞു.
തന്റെ ടെക്നിക്കിലും കഴിവിലും മാത്രം വിശ്വാസവും ശ്രദ്ധയും നല്‍കിയാല്‍ പൃഥ്വി ഷാ ഇനിയും മുന്നോട്ട് ഏറെ പോകുമെന്ന് അസ്ഹര്‍ പറഞ്ഞു. വിവിധ കാലഘട്ടത്തിലുള്ള താരങ്ങളെ താരതമ്യം ചെയ്യുന്നത് തന്നെ ശുദ്ധ അബദ്ധമാണെന്നാണ് അസ്ഹറിന്റെ അഭിപ്രായം. ഓരോ താരങ്ങളും അവരുടേതായ മേഖലകളില്‍ പ്രാവീണ്യം കൈവരിച്ചവരാണ്.
പൃഥ്വി തന്റെ സ്വാഭാവിക ശൈലിയില്‍ കളിക്കണം. രഞ്ജിയിലും അണ്ടര്‍ 19ലും അതാണ് യുവ താരത്തിനു റണ്‍സ് നേടിക്കൊടുക്കാവന്‍ സഹായിച്ചത്. ചില മത്സരങ്ങളില്‍ പരാജയപ്പെട്ടേക്കാം എന്നാല്‍ സ്വന്തം ശക്തിയ്ക്കനുസരിച്ച് താരം മുന്നോട്ട് പോകണമെന്നും അസ്ഹര്‍ അഭിപ്രായപ്പെട്ടു.