എന്തുകൊണ്ട് സഞ്ജു ആദ്യമേ ടീമിലില്ല? – രൂക്ഷ വിമർശനവുമായി രവി ശാസ്ത്രി

Newsroom

Resizedimage 2025 12 20 02 01 42 1



ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്താത്തതിനെച്ചൊല്ലി മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി കടുത്ത വിമർശനം ഉന്നയിച്ചു. പരിക്കേറ്റ ശുഭ്‌മൻ ഗില്ലിന് പകരക്കാരനായി ടീമിലെത്തിയ സഞ്ജു, അഹമ്മദാബാദിൽ 22 പന്തിൽ നിന്ന് 37 റൺസെടുത്ത് ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കമാണ് നൽകിയത്.

അഭിഷേക് ശർമ്മയ്ക്കൊപ്പം ചേർന്ന് പവർപ്ലേയിൽ ആധിപത്യം സ്ഥാപിച്ച സഞ്ജുവിന്റെ പ്രകടനം ഇന്ത്യയ്ക്ക് 30 റൺസിന്റെ വിജയവും 3-1 ന് പരമ്പരയും നേടിക്കൊടുക്കുന്നതിൽ നിർണ്ണായകമായി.
കമന്ററിക്കിടെ ശാസ്ത്രി തന്റെ നിലപാട് വ്യക്തമാക്കി: “എന്തുകൊണ്ടാണ് സഞ്ജു ആദ്യമേ ടീമിൽ ഇല്ലാതിരുന്നത്? ഇതുപോലെയുള്ള പ്രകടനം കാണുമ്പോൾ സഞ്ജുവിന് ടീമിൽ ഇടം ഇല്ല എന്നത് അത്ഭുതപ്പെടുത്തുന്നു. ഒരാൾക്ക് പരിക്ക് പറ്റിയാൽ മാത്രമേ സഞ്ജുവിനെ പരിഗണിക്കു എന്നത് അത്ഭുതകരമാണ്.”

മാർക്കോ യാൻസണെതിരെ സിക്സർ പറത്തിക്കൊണ്ട് സഞ്ജു തന്റെ ക്ലാസ് തെളിയിച്ചു. ഈ മത്സരത്തോടെ ടി20 കരിയറിൽ 8,000 റൺസും അന്താരാഷ്ട്ര ടി20യിൽ 1,000 റൺസും എന്ന നാഴികക്കല്ലുകൾ പിന്നിടാനും 31-കാരനായ സഞ്ജുവിന് സാധിച്ചു.