സ്റ്റോക്സിന്റെ വെല്ലുവിളി അതിജീവിച്ച് ഇന്ത്യ, കളി മാറ്റിയത് ശര്‍ദ്ധുലിന്റെ ഓവര്‍

India
- Advertisement -

ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ് – ജോണി ബൈര്‍സ്റ്റോ കൂട്ടുകെട്ട് ടീമിനെ മൂന്നാമത്തെ വിജയത്തിലേക്ക് നയിച്ച് പരമ്പര സ്വന്തമാക്കുമെന്ന ഘട്ടത്തില്‍ നിന്ന് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 177 റണ്‍സേ 8 വിക്കറ്റ് നഷ്ടത്തില്‍ നേടുവാനായുള്ളു. ജയത്തോടെ ഇന്ത്യ പരമ്പരയില്‍ 2-2ന് ഒപ്പമെത്തി.

ജോസ് ബട്‍ലറും(9) ദാവിദ് മലനും(14) വേഗത്തില്‍ പുറത്തായെങ്കിലും ജേസണ്‍ റോയ് 27 പന്തില്‍ നിന്ന് 40 റണ്‍സ് നേടി ഇംഗ്ലണ്ടിന്റെ റണ്‍റേറ്റ് വരുതിയില്‍ തന്നെ നിര്‍ത്തുകയായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യയ റോയിയെ പുറത്താക്കുമ്പോള്‍ 66/3 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.

65 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സ് – ജോണി ബൈര്‍സ്റ്റോ കൂട്ടുകെട്ട് മത്സരം ഇന്ത്യയില്‍ നിന്ന് തട്ടിയെടുക്കുവാന്‍ നോക്കിയപ്പോളാണ് 25 റണ്‍സ് നേടിയ ബൈര്‍സ്റ്റോയെ രാഹുല്‍ ചഹാര്‍ പുറത്താക്കിയത്. ലക്ഷ്യം അവസാന നാലോവറില്‍ 46 റണ്‍സെന്ന നിലയില്‍ എത്തി നില്‍ക്കുമ്പോള്‍ ശര്‍ദ്ധുല്‍ താക്കൂര്‍ ആണ് നിര്‍ണ്ണായകമായ ബ്രേക്ക്ത്രൂ ഇന്ത്യയ്ക്ക് നല്‍കിയത്. 23 പന്തില്‍ 46 റണ്‍സ് നേടി അപകടകാരിയായ സ്റ്റോക്സിനെ പുറത്താക്കിയ ശര്‍ദ്ധുല്‍ അതേ ഓവറില്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനെയും വീഴ്ത്തി മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു.

അവസാന മൂന്നോവറില്‍ ഇംഗ്ലണ്ടിന് ജയിക്കുവാന്‍ 39 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. ഹാര്‍ദ്ദിക് എറിഞ്ഞ 18ാം  ഓവറില്‍ ഇംഗ്ലണ്ടിന് സാം കറനെയും നഷ്ടമായി. തന്റെ നാലോവര്‍ സ്പെല്ലില്‍ വെറും 16 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ഹാര്‍ദ്ദിക് പാണ്ഡ്യ നേടിയത്.

അവസാന ഓവറില്‍ 23 റണ്‍സ് ജയത്തിനായി വേണ്ട ഘട്ടത്തില്‍ ഒരു ബൗണ്ടറിയും സിക്സും നേടി ജോഫ്ര ആര്‍ച്ചര്‍ ലക്ഷ്യം മൂന്ന് പന്തില്‍ 12 റണ്‍സാക്കിയതോടെ ഇംഗ്ലണ്ട് ക്യാമ്പില്‍ വീണ്ടും പ്രതീക്ഷയായി. ഇതിനൊപ്പം താക്കുര്‍ രണ്ട് വൈഡ് കൂടി എറിഞ്ഞപ്പോള്‍ ഇന്ത്യ മത്സരം കൈവിടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ആ ഓവറില്‍ ജോര്‍ദ്ദന്റെ വിക്കറ്റും വീഴ്ത്തി താക്കൂര്‍ ഇന്ത്യയെ 8 റണ്‍സ് വിജയത്തിലേക്ക് നയിച്ചു.

Advertisement