മിര്‍പുര്‍ ടെസ്റ്റില്‍ നിന്ന് വിന്‍ഡീസ് പേസ് ബൗളര്‍ ഷാനണ്‍ ഗബ്രിയേലിനു വിലക്ക്. ചിറ്റഗോംഗ് ടെസ്റ്റിന്റെ ആദ്യ ദിവസം വിന്‍ഡീസിനായി നാല് വിക്കറ്റ് നേടിയ താരം ഇമ്രുല്‍ കൈസിന്റെ ശരീരത്തില്‍ ഇടിച്ചുവെന്ന കാരണത്താലാണ് രണ്ട് ഡീമെറിറ്റ് പോയിന്റ് പിഴയായി വിധിക്കപ്പെട്ടത്. ഇതിനു പുറമെ മാച്ച് ഫീസിന്റെ 30 ശതമാനം പിഴയായും ചുമത്തിയിട്ടുണ്ട്.
ആദ്യ ദിവസത്തിന്റെ എട്ടാം ഓവറിലാണ് അറിഞ്ഞു കൊണ്ട് ഇമ്രുല്‍ കൈസുമായി ഗബ്രിയേല്‍ സമ്പര്‍ക്കം പുലര്‍ത്തിയത്. ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരുടെ അഭിപ്രായത്തില്‍ ഇത് ഒഴിവാക്കാവുന്ന ഒന്നായിരുന്നുവെന്നാണ് പറയപ്പെടുന്നത്. കുറ്റം ഗബ്രിയേല്‍ സമ്മതിച്ചിട്ടുണ്ട്. പാക്കിസ്ഥാനെതിരെ കഴിഞ്ഞ വര്‍ഷം ജമൈക്ക ടെസ്റ്റില്‍ 50 ശതമാനം മാച്ച് ഫീസ് പിഴയും 3 ഡീമെറിറ്റ് പോയിന്റും താരത്തിനെതിരെ ചുമത്തപ്പെട്ടിരുന്നു.
ഇതോടെ അഞ്ച് ഡീമെറിറ്റ് പോയിന്റാണ് ഗബ്രിയേല്‍ ഇതുവരെ സ്വന്തമാക്കിയത്. അഞ്ച് ഡീമെറിറ്റ് പോയിന്റുകള്‍ രണ്ട് സസ്പെന്‍ഷന്‍ പോയിന്റുകളായി മാറും. രണ്ട് സസ്പെന്‍ഷന്‍ പോയിന്റുകളെന്നാല്‍ ഒരു ടെസ്റ്റില്‍ നിന്നോ രണ്ട് ഏകദിനങ്ങളിലോ അഥവാ രണ്ട് ടി20കളില്‍ നിന്നോ വിലക്ക് ലഭിയ്ക്കുന്നതാണ്. ഏത് മത്സരമാണോ ആദ്യം ആ മത്സരത്തില്‍ വിലക്ക് നിലവില്‍ വരും.