“ജസ്പ്രീത് ബുംറ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർ”

നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർ ഇന്ത്യൻ താരം ജസ്പ്രീത് ബുംറയാണെന്ന് മുൻ ന്യൂസിലാൻഡ് ബൗളർ ഷെയിൻ ബോണ്ട്. ഐ.പി.എല്ലിൽ ജസ്പ്രീത് ബുംറയുടെ ടീമായ മുംബൈ ഇന്ത്യൻസിന്റെ ബൗളിംഗ് പരിശീലകൻ കൂടിയാണ് ഷെയിൻ ബോണ്ട്.

നിലവിൽ ലോക ക്രിക്കറ്റിൽ ഏറ്റവും മികച്ച ബൗളറായി തുടരാനുള്ള ആഗ്രഹം ബുംറയിൽ ഉണ്ടെന്നും ഷെയിൻ ബോണ്ട് പറഞ്ഞു. ജസ്പ്രീത് ബുംറയുടെ ബൗളിംഗ് ബോണ്ട് വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളിംഗ് ഇതിഹാസം കോട്നി വാൽഷിനോട് ഉപമിക്കുകയും ചെയ്തു.

ബൗൾ ചെയ്യുമ്പോൾ ബുംറ ഓടുന്നത് വളരെ പതുക്കെയാണെന്നും എന്നാൽ അവസാന കുറച്ചു സ്റ്റെപ്പുകളിൽ ബുംറ വേഗത വർദ്ധിപ്പിക്കുന്നുണ്ടെന്നും ബോണ്ട് പറഞ്ഞു. ബുംറക്ക് കുറഞ്ഞ സ്റ്റെപ്പുകളിൽ വേഗത്തിൽ പന്തെറിയാൻ കഴിയുമെന്നും അത് പലപ്പോഴും ബാറ്റ്സ്മാന് പ്രവചിക്കാൻ കഴിയുന്നതിലും വേഗത്തിലാവുമെന്നും ബോണ്ട് പറഞ്ഞു.